മാനേജ്മെന്റ് സീറ്റിൽ നഴ്സിംഗ് പ്രവേശനത്തിന് ഏകജാലകം

Wednesday 29 May 2024 3:25 AM IST

തിരുവനന്തപുരം: മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓരോ കോളേജിലും ആയിരം രൂപ അടച്ച് പ്രത്യേകം അപേക്ഷിക്കണമെന്ന തീരുമാനത്തിൽ നിന്ന് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പിൻമാറി.

തീരുമാനം ബി.എസ് സി നഴ്സിംഗിന് ചേരാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമായി. മുൻവർഷത്തെപോലെ അസോസിയേഷന്റെ വെബ്സൈറ്റിലൂടെ ആയിരം രൂപ ഫീസ് അടച്ച് 10 കോളേജുകളിലേക്ക് അപേക്ഷിക്കാം. മാർക്ക് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അലോട്ട്മെന്റ് നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.സജിയും സെക്രട്ടറി അയിര ശശിയും അറിയിച്ചു. അടുത്ത ആഴ്ച പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രോസ്‌പെക്ടസ് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിക്ക് ഉടൻ സമർപ്പിക്കും.

2017മുതലുള്ള ജി.എസ്.ടി അടയ്ക്കാമെന്ന് സമ്മതപത്രം നൽകിയാൽ മാത്രമേ അഫിലിയേഷൻ പുതുക്കി നൽകൂവെന്ന നിലപാടിൽ ആരോഗ്യ സർവകലാശാല അയവുവരുത്തിയതോടെയാണിത്.ഇന്ന് ചേരുന്ന സർവകലാശാല ഗവേണിംഗ് ബോഡി കോളേജുകളുടെ അഫിലിയേഷൻ പുതുക്കി നൽകുന്ന വിഷയം പരിഗണിച്ചേക്കും.

ജി.എസ്.ടി അടയ്ക്കാൻ ആവശ്യപ്പെട്ട് ലഭിച്ച കത്തിനെ ചോദ്യം ചെയ്ത് സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച മന്ത്രി വീണാ ജോർജ് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വിദ്യാഭ്യാസകാര്യങ്ങളിൽ ജി.എസ്.ടി ബാധകമല്ലെന്നും അതിന്റെ ആനുകൂല്യം നഴ്സിംഗിന് നൽകാമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ ഇന്നലെ യോഗം ചേർന്ന് പ്രവേശന നടപടി പഴയപടിയാക്കിയത്.

2000ത്തോളം സീറ്റ്

17,000 അപേക്ഷകർ

പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 50 കോളേജുകളിലായി 2000ത്തോളം മാനേജ്മെന്റ് സീറ്റുകളുണ്ട് . കഴിഞ്ഞ വർഷം 17000 പേരാണ് അപേക്ഷിച്ചത്. ഈ വർഷവും അത്രയും അപേക്ഷകർ ഉണ്ടാവാനാണ്സാധ്യത.

Advertisement
Advertisement