മഴക്കാലത്ത് അസ്വാഭാവിക ശബ്ദം കേട്ടാല്‍ വാതില്‍ തുറക്കരുത്, പതിയിരിക്കുന്നത് വലിയ അപകടം

Wednesday 29 May 2024 7:43 PM IST

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയും തണുത്ത കാലാവസ്ഥയും കാരണം ആളുകള്‍ വളരെ നേരത്തെ ഉറങ്ങിപ്പോകുന്ന സാഹചര്യം മുതലെടുക്കാന്‍ മോഷണസംഘങ്ങള്‍ സജീവമാകാന്‍ സാദ്ധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ച് കേരള പൊലീസ്. കവര്‍ച്ചാ സംഘങ്ങളും മോഷണവും വര്‍ദ്ധിക്കുന്നത് തടയാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് കോട്ടയം ജില്ലാ പൊലീസിന്റെ മുന്നറിയിപ്പ്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും പൊലീസ് പറയുന്നു.

വീടിന് പുറത്ത് കുട്ടികള്‍ കരയുന്നത്, പൈപ്പിലെ വെള്ളം തുറന്ന് വിട്ടത് പോലുള്ള അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടാല്‍ ഒരു കാരണവശാലും ആദ്യം തന്നെ പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശത്തില്‍ പറയുന്നത്. രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ചാര്‍ജുണ്ടെന്ന് ഉറപ്പാക്കണം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. അത്യാവശ്യ സന്ദര്‍ഭത്തില്‍ ബന്ധപ്പെടുന്നതിനായി അയല്‍ വീടുകളിലെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുന്ന ശബ്ദം തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന് തന്നെ അയല്‍വാസികളെ അറിയിക്കേണ്ടതും രാത്രിയില്‍ ആണെങ്കില്‍ വീടിന് പുറത്തുള്ള ലൈറ്റുകള്‍ ഇടുന്നതിനും ശ്രദ്ധിക്കുക.

വീട് പൂട്ടി പുറത്ത് പോകുന്ന സമയം ആ വിവരം അയല്‍ക്കാരെ അറിയിക്കേണ്ടതാണ്. കൂടുതല്‍ ദിവസം വീട് പൂട്ടി പോകുന്ന വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കാവുന്നതും കൂടാതെ, കേരള പോലീസിന്റെ POL-APP ലെ LOCKED HOUSE INFORMATION എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് നിരീക്ഷണം ഉറപ്പ് വരുത്താവുന്നതുമാണ്. കൂടുതല്‍ ദിവസം വീട് പൂട്ടി പോകുന്ന സാഹചര്യങ്ങളില്‍ ദിനം പ്രതി ലഭിക്കുന്ന പത്രം, പാല്‍, തപാല്‍ എന്നിവ നല്‍കേണ്ടതില്ല എന്ന് ബന്ധപ്പെട്ടവരെ നിര്‍ദ്ദേശിക്കണം.

കൂടാതെ ലാന്‍ഡ് ഫോണ്‍ താല്‍ക്കാലികമായി ഡിസ്‌കണക്ട് ചെയ്യണം. വീട്ടില്‍ ആളില്ലാത്ത പകല്‍ സമയങ്ങളില്‍ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തെ ലൈറ്റ് പ്രകാശിപ്പിക്കുന്നതിനും അണയ്ക്കുന്നതിനും പത്രം, പാല്‍, തപാല്‍ ഉരുപ്പടികള്‍ തുടങ്ങിയവ സുരക്ഷിതമായി എടുത്തുവയ്ക്കുന്നതിനും വിശ്വസ്തരെ ഏല്‍പ്പിക്കുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് വീടിന്റെ കതകുകളും, ജനല്പാളികളും അടച്ച് കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

സംശയകരമായ ഏത് കാര്യവും ഉടന്‍ പോലീസിനെ അറിയിക്കാന്‍ ശ്രമിക്കുക. വീട് കുത്തിത്തുറക്കുന്നതിന് ഉപയോഗിക്കാവുന്ന കമ്പിപ്പാര, പിക്കാസ് മുതലായ ആയുധങ്ങള് യാതൊരു കാരണവശാലും വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക.സിസിടിവി ഘടിപ്പിച്ചിട്ടുള്ള വീടുകളില്‍ നിന്നും വീട്ടുകാര്‍ പുറത്തേക്ക് പോകുന്ന സമയം സി.സി.ടി.വി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോണ്‍ നമ്പര്‍, പൊലീസ് സ്റ്റേഷന്‍ നമ്പര്‍, പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112 അടക്കമുള്ള ഫോണ്‍ നമ്പരുകള്‍ സൂക്ഷിച്ചുവച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടെണ്ടതാണ് തുടങ്ങിയവയാണ് പൊലീസിന്റെ നിര്‍ദേശങ്ങള്‍.

Advertisement
Advertisement