50,000 കോടിയുടെ റഫാൽ മറൈൻ ജെറ്റ്: ഫ്രഞ്ച് സംഘം ഇന്നെത്തും  കൊച്ചിയിൽ നിർമ്മിച്ച ഐ.എൻ.എസ് വിക്രാന്തിനും നേട്ടം

Thursday 30 May 2024 12:58 AM IST

കൊച്ചി: ഫ്രാൻസിൽ നിന്ന് 26 റഫാൽ മറൈൻ ജെറ്റ് ഫൈറ്റർ വിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം നിർണായക ഘട്ടത്തിൽ. അരലക്ഷം കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് അടുത്തഘട്ട ചർച്ചകൾക്കായി ഫ്രഞ്ച് സംഘം ഇന്ന് ന്യൂഡൽഹിയിലെത്തും. വിമാനവാഹനികളിൽ നിന്ന് കുതിച്ചുപറക്കുന്ന റഫാലുകൾ, നേവിക്കായി കൊച്ചിയിൽ നിർമ്മിച്ച പുതിയ വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിനും നേട്ടമാകും. റഫാൽ മറൈൻ വിമാനങ്ങൾ സ്വന്തമായാൽ വിക്രാന്തിനൊപ്പം ഐ.എൻ.എസ് വിക്രമാദിത്യയിലും വിന്യസിക്കാനാണ് നേവിയുടെ തീരുമാനം.

2016ലായിരുന്നു വൻ വിവാദങ്ങൾക്ക് വഴിവച്ച ആദ്യ റഫാൽ ഇടപാട്. ഇവ വ്യോമത്താവളങ്ങളിൽ നിന്ന് പറന്നുയരുന്ന ഇനമായിരുന്നു. വ്യോമസേനയ്ക്കായി 59,000 കോടി മുടക്കി 39 റഫാലുകളാണ് വാങ്ങിയത്. കേസുകളും ആരോപണങ്ങളും കെട്ടടങ്ങിയതോടെയാണ് റഫാൽ രണ്ടാംഘട്ട ഇടപാടുമായി പ്രതിരോധവകുപ്പ് മുന്നോട്ടുനീങ്ങിയത്. കഴിഞ്ഞവർഷം ജൂലായ് 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജനാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിന് തത്വത്തിൽ അംഗീകാരം നൽകി. തുടർന്ന് ഇന്ത്യ നൽകിയ അപേക്ഷ സ്വീകരിച്ച് ഫ്രാൻസ് കത്തുനൽകി. ഇതിന്റെ തുടർച്ചയായാണ് ഈയാഴ്ചത്തെ ഉന്നതതല ചർച്ച.

ഫ്രഞ്ച് സ‌ർക്കാരിന്റെയും ഫൈറ്റർ വിമാനനിർമ്മാതാക്കളായ ഡസോൾട്ടിന്റെയും, വെപ്പൺ സിസ്റ്റം ഇന്റഗ്രേറ്റർ 'തെയ്സി"ന്റെയും പ്രതിനിധികളാണ് ഇപ്പോൾ ചർച്ചകൾക്കായി ഡൽഹിയിലെത്തുന്നത്. ചർച്ചകളിലെ തീരുമാനം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണയ്ക്കുവിടും. അതിൽ അനുമതിയായ ശേഷമാകും ഇന്ത്യയും ഫ്രാൻസും തമ്മിൽ സർക്കാർ തലത്തിലുള്ള അവസാനവട്ട ചർച്ചയും കരാറും ഉണ്ടാവുക. തുകയടക്കമുള്ള കാര്യങ്ങൾ അന്തിമമാക്കാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ചൈനയുടെ ഭീഷണിക്ക് മറുപടി

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ഭീഷണി നേരിടുകയാണ് റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം. ഫ്യൂജിയാൻ, ലിയാവോനിങ്ങ്, ഷാൻഡോങ്ങ് എന്നീ യുദ്ധക്കപ്പലുകളിൽ നിന്ന് ചൈന മറൈൻ പോർവിമാനങ്ങളുടെ ട്രയൽ തുടങ്ങിക്കഴിഞ്ഞു.

റഫാലിനൊപ്പം ആയുധങ്ങളും

22 സിംഗിൾ സീറ്റ് മറൈൻ ജെറ്റുകളും നാല് ഇരട്ട സീറ്റ് ജെറ്റുകളുമാണ് ഇന്ത്യ വാങ്ങുക. അനുബന്ധ ആയുധങ്ങൾ, സിമുലേറ്ററുകൾ, സ്പെയർപാർട്സുകൾ, ക്രൂ പരിശീലനം, ലോജിസ്റ്റിക്സ് എന്നിങ്ങനെയാണ് പാക്കേജ്.

Advertisement
Advertisement