മതമില്ലാത്ത മാതൃകാകുടുംബം , കണ്ടുപഠിക്കാൻ 'ഫൈൻഡ്'

Thursday 30 May 2024 4:15 AM IST

നെൽജിൻ ഫൈൻ‌ഡ്, ഭാര്യ സൗമ്യ, മകൾ തൻവി

കൊച്ചി: മതം വേണ്ട, മനുഷ്യത്വം മതി എന്ന് വിശ്വസിക്കുന്ന കുടുംബത്തിലെ അംഗമാണ് നെൽജിൻ ഫൈൻഡ് (39). ഗുരുവായൂർ മമ്മിയൂർ നീലങ്കാവിൽ ജോണിയുടെയും വിമലയുടെയും മൂത്തമകൻ. പേരിനൊപ്പം മാതാപിതാക്കൾ ചേർത്തതാണ് FIND എന്ന വാക്ക്. പഠനകാലം മുതൽ ജാതി ഒഴിവാക്കിയ സൗമ്യ ഫൈൻഡിന്റെ ജീവിതപങ്കാളിയായി. മകൾക്കും മതമില്ലാത്ത പേര് നൽകി - 'തൻവി അവ്‌ലിൻ.'

കുവൈറ്റ് അൽ മുല്ല ഗ്രൂപ്പിലെ ഫിനാൻസ് കൺട്രോളറായ നെൽജിൻ ഫൈൻഡിനെ പരിചയപ്പെടുന്നവരെല്ലാം പേരിലെ FIND എന്താണെന്ന് തിരക്കും. അത് മതമില്ലാത്ത ജീവിതകഥയാണ്.

FIND അഥവാ 'കണ്ടെത്തുക' എന്ന അർത്ഥം ഉൾക്കൊണ്ടാണ് ഈ വാക്ക് ചേർത്തത്.

ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഉദ്യോഗസ്ഥയാണ് വിമല. ഇടതുപക്ഷ നേതാവും മുൻ പ്രവാസിയുമായിരുന്ന ജോണി ജീവിച്ചിരിപ്പില്ല. പുസ്തക വായനയായിരുന്നു വിമലയുടെ ഹരം. മതേതരമൂല്യങ്ങളിൽ ആകൃഷ്ടയായി. അതേ ആശയമുള്ള ജോണിയുടെ വിവാഹപ്പരസ്യം കണ്ട് ജീവിതത്തിൽ ഒന്നിച്ചു. ഒരേ സമുദായക്കാരാണെങ്കിലും ജാതിയും മതവും വേണ്ടെന്നുവച്ചു. മൂത്ത മകന് നെൽജിൻ FIND എന്നും ഇളയവന് നികിതിൻ DAWN എന്നും പേരിട്ടു. മക്കളെ മാമോദീസ മുക്കാൻ സമ്മർദ്ദമുണ്ടായെങ്കിലും വഴങ്ങിയില്ല.

മക്കളെ സ്‌കൂളിൽ ചേർക്കാൻ ജാതി എഴുതില്ലെന്ന് ജോണിയും വിമലയും വാശിപിടിച്ചു. കേരള വിദ്യാഭ്യാസ ചട്ടം കാട്ടിയതോടെയാണ് സ്കൂൾ അധികൃതർ വഴങ്ങിയത്. ഫൈൻഡിന്റെ ഭാര്യ സൗമ്യയും ഡോണിന്റെ ഭാര്യ മേഘയും മതമില്ലാതെയും ജാതിക്കോളം പൂരിപ്പിക്കാതെയും വളർന്നവരാണ്. ഇരുവരും മിശ്രവിവാഹിതരുടെ മക്കൾ.

ഫൈൻഡ് തുണയായി

അപൂർവമായ പേരിനെപ്പറ്റി നിരവധി ചോദ്യങ്ങൾ പഠനകാലത്ത് നേരിട്ടെന്ന് നെൽജിൻ ഫൈൻഡ്. പിന്നീട് ഈ പേര് നേട്ടമായി. ഫ്രാൻസിൽ ജോലിചെയ്യുമ്പോൾ വെള്ളക്കാർ FIND എന്നു വിളിച്ച് പെട്ടെന്നു ചങ്ങാത്തമായി. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പേര് പെട്ടെന്ന് രജിസ്റ്റർ ആയി. വിവാഹാലോചന വന്നപ്പോൾ വിവരങ്ങളറിയാൻ ഫേസ്ബുക്കിൽ 'FIND" എന്ന് ടൈപ്പ് ചെയ്യേണ്ട താമസമേ ഉണ്ടായുള്ളൂ എന്ന് സൗമ്യ.