ബ്രിട്ടീഷ് കൗൺസിൽ സൗജന്യ ഓൺലൈൻ കോഴ്‌സുകൾ

Thursday 30 May 2024 1:46 PM IST

ഡോ.ടി.പി. സേതുമാധവൻ

ബ്രിട്ടീഷ് കൗൺസിൽ 2024-25 അദ്ധ്യയന വർഷ സൗജന്യ ഓൺലൈൻ കോഴ്‌സുകൾ ഓഫർ ചെയ്യുന്നു. വിദ്യാർത്ഥികൾ, ബിരുദധാരികൾ, പ്രൊഫഷണലുകൾ എന്നിവരുൾപ്പടെയുളളവർക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. പഠിതാക്കളുടെ സൗകര്യമനുസരിച്ച് ഓൺലൈനായി പഠിക്കാം. കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ സമയപരിധിയില്ല. എല്ലാ പ്രായക്കാർക്കും അപേക്ഷിക്കാം.

സുസ്ഥിര ഭാവിക്ക് വേണ്ടിയുളള പഠനം, വിദ്യാഭ്യാസത്തിലെ പ്രബോധന നേതൃത്വം, ആശയവിനിമയം, യുകെ പഠനം, പഠനവും വിലയിരുത്തലും, വംശനാശഭീഷണി നേരിടുന്ന പുരാവസ്തുശാസ്ത്രത്തിന്റെ പുനഃർനിർമ്മാണം, പൈതൃകം മുതലായ വിഷയങ്ങളിതിലുണ്ട്.

സൗജന്യ ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പ്രാക്ടീസ് ടെസ്റ്റുകളും ഐ.ഇ.എൽ.ടി.എസുമായി ബന്ധപ്പെട്ട വിവിധ സൗജന്യ ഇംഗ്ലീഷ് കോഴ്‌സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. www.britishcouncil.org/english/learn-online/courses.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ എം.എസ്‌സി ആൻഡ് പി.എച്ച്ഡി

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ എം.എസ്‌സി ബയോടെക്‌നോളജി, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ജൂൺ 26 വരെ അപേക്ഷിക്കാം. GAT -B സ്‌കോറുളളവർക്ക് അപേക്ഷിക്കാം. സയൻസ്, എൻജിനിയറിംഗ്, മെഡിസിൻ, അനുബന്ധ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദം. ആദ്യ വർഷം പ്രതിമാസം 6000 രൂപയും, രണ്ടാം വർഷം 8000 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും. നാലു സെമെസ്റ്ററാണ് എം.എസ്‌സി ബയോടെക്‌നോളജിയുടെ കാലയളവ്.

ലൈഫ് സയൻസസ്, വെറ്ററിനറി, ഫർമസി, ബയോടെക്‌നോളജി, ബയോഇൻഫോർമാറ്റിക്‌സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമെടുത്തവർക്ക് ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാം. യു.ജി.സി/ CSIR/ ICMR/DBT/DST-INSPIRE എന്നിവയുടെ JRF അല്ലെങ്കിൽ ദേശീയ ഫെല്ലോഷിപ്പ് ഉളളവർക്ക് അപേക്ഷിക്കാം. www.rgcb.res.in.

എം.ബി.എ @ സി.ഇ.ടി തിരുവനന്തപുരം

കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം 25-ാ മത് എം.ബി.എ ഫുൾ ടൈം പ്രോഗ്രാമിലേക്കും 37-ാ മത് ബാച്ച് ഈവനിംഗ് പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. CAT/ CMAT/KMAT സ്‌കോറുകൾ ആവശ്യമാണ്. അപേക്ഷ ഓൺലൈനായി നാളെ വരെ സമർപ്പിക്കാം. www.mba.cet.ac.in .

എം.സി.എ പ്രോഗ്രാമിന് 3വരെ അപേക്ഷിക്കാം

കേരളത്തിലെ കോളേജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രോഗ്രാമിന് ജൂൺ 3വരെ അപേക്ഷിക്കാം. സ്വാശ്രയ കോളേജുകളടക്കം 45 കോളേജുകളിലേക്കാണ് പ്രവേശനം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഒബ്ജക്ടീവ് മാതൃകയിലുളള 2മണിക്കൂർ പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. www.lbscentre.in.

Advertisement
Advertisement