ജനത്തിനും അധികാരികൾക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Thursday 30 May 2024 1:05 AM IST

കൊച്ചി: നഗരത്തിലെ ഓടകൾ, തോടുകൾ എന്നിവിടങ്ങളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെ ടൺകണക്കിന് മാലിന്യമാണ് ദിവസവും നീക്കുന്നതെന്നും ജനം തന്നെയാണ് ഇതിന് ഉത്തരവാദികളെന്നും ഹൈക്കോടതി. വലിച്ചെറിയുന്ന മാലിന്യം നാളെ വെള്ളക്കെട്ടിനു കാരണമാവുമെന്ന് ആരും തിരിച്ചറിയുന്നില്ല. എന്തൊക്കെ നടപടി സ്വീകരിച്ചാലും ജനം എതിരുനിന്നാൽ കോടതിക്ക് എന്തുചെയ്യാനാവുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
വഴിയോരങ്ങളിലെ ബോർഡുകളും മറ്റും പൊട്ടിവീഴുന്നതും തടസങ്ങൾ സൃഷ്ടിക്കുന്നു. അധികൃതരെയും വിമർശിച്ച കോടതി, മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴാണോ ഇടപെടുന്നതെന്നു ചോദിച്ചു. വെള്ളക്കെട്ട് നീക്കാനുള്ള ഉപകരണം ഇതുവരെ പ്രവർത്തനക്ഷമമാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി. വെള്ളക്കെട്ട് നിവാരണത്തിനായി കഴിഞ്ഞ മഴക്കാലത്ത് ഉപയോഗിച്ച മെഷീൻ അറ്റകുറ്റപ്പണിക്കായി മാറ്റിയിരിക്കുകയാണെന്ന് അമിക്കസ്‌ക്യൂറി നേരത്തേ അറിയിച്ചിരുന്നു.

ഇടപ്പള്ളി തോട്
വൃത്തിയാക്കണം

ഇടപ്പള്ളി തോട് ഉടൻ വൃത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇടപ്പള്ളിഭാഗത്ത് കഴിഞ്ഞദിവസമുണ്ടായ വെള്ളക്കെട്ടിനു കാരണം ഇടപ്പള്ളി തോട്ടിലെ ചെളി നീക്കാത്തതാണെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചിരുന്നു. അനധികൃതമായി നിർമ്മിച്ച കലുങ്കും വെള്ളക്കെട്ടിന് കാരണമാവുന്നു. വെള്ളക്കെട്ട് പരിഹരിക്കാൻ രൂപീകരിച്ച ഉന്നതാധികാര സമിതി ഇടപ്പളളി തോട് സന്ദർശിക്കണം.
ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള പ്രവർത്തനങ്ങളിൽ നാഷണൽ ഹൈവേ അതോറിട്ടി സഹകരിക്കണം. ചങ്ങാടംപോക്ക് തോട്ടിലെ ചെളി ശരിയാംവിധം നീക്കാത്തതും കോടതി പരിഗണിച്ചു. മെട്രോ പാലത്തിൽ നിന്ന് റോഡിലേയ്ക്ക് വെളളം വീഴുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ

ശുചീകരണത്തിൽ റസിഡന്റ്സ് അസോസിയേഷനുകളും മുൻകൈയെടുക്കണം.

ജോസ് ജംഗ്ഷൻ, പനമ്പിള്ളി നഗർ, സെന്റ് മാർട്ടിൻ റോഡ്, ഇടപ്പള്ളി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി വേണം.
വെള്ളക്കെട്ട് പരിഹരിക്കാൻ ചുമതലപ്പെട്ട സമിതിയുടെ നടപടികൾ കളക്ടർ വിലയിരുത്തണം.

Advertisement
Advertisement