പാചകത്തൊഴിലാളി വേതനം മുടങ്ങി, സ്കൂൾ അടുക്കള തുറക്കില്ല; ഉച്ചഭക്ഷണം മുടങ്ങും

Thursday 30 May 2024 12:40 AM IST

പത്തനംതിട്ട : പുത്തനുടുപ്പും ബാഗും പുസ്തകത്തിന്റെ പുതുമണവുമായി ക്ളാസ് മുറികളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ഇത്തവണ ഉച്ചഭക്ഷണം മുടങ്ങിയേക്കും. മൂന്ന് മാസമായി വേതനം കിട്ടാത്തതിനാൽ പ്രതിഷേധത്തിലാണ് പാചകത്തൊഴിലാളികൾ.

പാചകത്താെഴിലാളികളുടെ ദിവസവേതനം 600രൂപയാണ്. ആറ് വർഷം മുൻപ് നിശ്ചയിച്ചതാണിത്. ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ അവധിക്കാല സമാശ്വാസമായി ചെറിയ തുക മാത്രമാണ് ലഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളില്ല. ഒാണത്തിന് തുച്ഛമായ തുക ബോണസും ലഭിക്കും. സ്കൂൾ പി.ടി.എയും ഹെഡ്മാസ്റ്റർമാരും ഉൾപ്പെടെ ഒൻപതംഗ സമിതിയാണ് പാചകത്തൊഴിലാളികളെ നിയമിക്കുന്നത്. ഒരു സ്കൂളിൽ അഞ്ഞൂറ് കുട്ടികൾക്ക് വരെ തൊഴിലാളി എന്ന അനുപാതത്തിലാണ് നിയമനം. എന്നാൽ ഇത്രയും കുട്ടികൾക്ക് ഒരാളെകൊണ്ട് പാചകം ചെയ്യാൻ കഴിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. അതിനാൽ സഹായിയായി ഒരാളെക്കൂടെ കൂട്ടും. പാചകത്താെഴിലാളിക്ക് കിട്ടുന്ന വേതനത്തിന്റെ ഒരു വിഹിതം വേണം ഇവർക്ക് നൽകാൻ.

കാരണം സാമ്പത്തിക പ്രതിസന്ധി

പാചക തൊഴിലാളികളുടെ വേതനം സംബന്ധിച്ച് റിപ്പോർട്ട് മുടക്കം കൂടാതെ സർക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വാദം. എന്നാൽ തുക അനുവദിച്ച് കിട്ടിയില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.

ജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾ : 910

ഒരു തൊഴിലാളിക്ക് ഒരു ദിവസം : 600രൂപ

വേതനം നിശ്ചയിച്ചത് : 2017ൽ

അവധിക്കാല സമാശ്വാസം : 2000രൂപ

ലഭിക്കാനുള്ളത് മാർച്ച് മാസത്തെ ശമ്പളവും

ഏപ്രിൽ, മേയ് മാസത്തെ സമാശ്വാസ തുകയും

സർക്കാർ നിർദേശം നടപ്പായില്ല

പാചകത്തൊഴിലാളി വേതനം പരിഷ്കരിക്കണമെന്ന് ഭരണ, പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്. 150 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതായിരുന്നു സംഘടനകളുടെ ആവശ്യം. സർക്കാർ 250 കുട്ടികൾ എന്ന നിർദേശം വച്ചു. സംഘടനകൾ അത് അംഗീകരിച്ചെങ്കിലും ഉത്തരവായി ഇറങ്ങിയില്ല.

മുടങ്ങിയ വേതനം ലഭിക്കണം, വർദ്ധിപ്പിക്കുകയും വേണം. സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ ഡി.ഡി ഒാഫീസുകൾക്ക് മുന്നിൽ ധർണയിരിക്കും.

എ.ഹബീബ് സേട്ട്, സ്കൂൾ പാചക തൊഴിലാളി

കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

Advertisement
Advertisement