മണിമലയാറ്റിലും പമ്പയിലും ജലനിരപ്പുയർന്നു; അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി

Thursday 30 May 2024 12:42 AM IST
കനത്തമഴയിൽ പെരിങ്ങര ജംഗ്‌ഷനിലെ കടകളിൽ വെള്ളം കയറിയപ്പോൾ

തിരുവല്ല: പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നത് പടിഞ്ഞാറൻ മേഖലകളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി. കനത്തമഴ മുന്നറിയിപ്പ് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. മണിമലയാറിന്റെ തീരത്തുള്ള മംഗലശ്ശേരി, അടമ്പട കോളനികളും പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, കോമങ്കേരിച്ചിറ, വേങ്ങൽ, ആലംതുരുത്തി തുടങ്ങിയ പ്രദേശങ്ങളും നിരണം, കടപ്ര, കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. നദികളിലും പാടശേഖരങ്ങളിലും ഇടത്തോടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. ചില പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പെരിങ്ങര ജംഗ്‌ഷനിലെ കടകളിൽ വെള്ളം കയറി. ബാങ്ക്, പോസ്റ്റ് ഓഫീസ്, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലാണ് വെള്ളം കയറിയത്.

ജാഗ്രതാ നിർദ്ദേശം നൽകി
തിരുവല്ല : നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തിരുവല്ല താലൂക്കിലാകമാനം ജാഗ്രതാ നിർദ്ദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വെള്ളം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അടിയന്തര സഹായത്തിന് താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഫോൺ : 0469 2601303.

ഏഴ് വീടുകൾക്ക് ഭാഗീകനാശം

തിരുവല്ല : കനത്ത മഴയെത്തുടർന്ന് താലൂക്കിൽ രണ്ട് ദിവസങ്ങൾക്കിടെ ഏഴ് വീടുകൾക്ക് ഭാഗീക നാശം സംഭവിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.

മരങ്ങൾ വീണ് വീടുകൾക്ക് ഭാഗീകനാശമുണ്ടായവർ

1.നിരണം ഒന്നാം വാർഡിൽ പടിഞ്ഞാറേതിൽ സുനിൽ,

2.നിരണം 12 -ാം വാർഡിൽ മാനങ്കേരിൽ വിനോദ് ഗോപി,

3.തിരുവല്ല നഗരസഭയിലെ ദേവസ്യ തോമസ്,

4. മതിൽഭാഗം രാമചന്ദ്ര വിലാസത്തിൽ ഗോപിനാഥൻ,

5. പെരിങ്ങര പുത്തൻപുരയിൽ സി.പി.മത്തായി,

6.പെരിങ്ങര മുപ്പത്തുപറമ്പിൽ സത്യനാഥൻ,

7.നെടുമ്പ്രം പാട്ടപ്പറമ്പിൽ തങ്കമ്മ

ദുരിതാശ്വാസ ക്യാമ്പുകൾ
1. തിരുമൂലപുരം എസ്.എൻ.വി സ്‌കൂൾ,

2. സെന്റ് തോമസ് സ്‌കൂൾ ഇരവള്ളിപ്ര,

3. കവിയൂർ ഇടയ്ക്കാട് ഗവ.എൽ.പി സ്‌കൂൾ

Advertisement
Advertisement