ഉടുമ്പന്നൂർ കോപ്പിക്സ് തേക്കുതോട്ടം വനത്തിന് വഴിമാറുന്നു

Thursday 30 May 2024 12:51 AM IST

കോന്നി : സംസ്ഥാനത്തെ ഏക കോപ്പിക്സ് തേക്കുതോട്ടമായിരുന്ന ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ വനംവകുപ്പ് സ്വാഭാവിക വനമായി മാറ്റുന്നു. കോന്നി വനം ഡിവിഷനിലെ കുമരംപേരൂർ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിലാണ് കോപ്പിക്സ് തേക്കുതോട്ടം ഉണ്ടായിരുന്നത്. ചെങ്ങറ സമരഭൂമിക്കും അടവി കുട്ടവഞ്ചി കടവിനുംപടിഞ്ഞാറ് 40.47 ഹെക്ടറിൽ വ്യാപിച്ചു കിടന്നിരുന്ന തോട്ടം പരിപാലന ചെലവില്ലാത്തതിനാൽ ലാഭകരമായിരുന്നു. കഴിഞ്ഞ വർഷം വനംവകുപ്പ് ഇവിടുത്തെ തേക്കുകൾ മുറിച്ചുമാറ്റി. 5818 തേക്കുമരങ്ങൾ മുറിച്ചു. 85,000 ഘനഅടി തടിയാണ് വിൽപ്പന നടത്തിയത്. തടി വിൽപനയിലൂടെ 35 കോടി രൂപ ലഭിച്ചു. മരങ്ങൾ മുറിക്കുന്നതിനും കയറ്റിയിറക്കുന്നതിനുമായി 200 തൊഴിലാളികളാണ് പണിയെടുത്തത്‌.

രാജഭരണകാലത്ത് ഇവിടെ നട്ട തേക്കുത്തൈകൾ 1957 ൽ മുറിച്ചു മാറ്റിയിരുന്നു. വീണ്ടും തൈകൾ നടാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. എന്നാൽ പഴയ മരങ്ങളുടെ കുറ്റി, വേര് എന്നിവയിൽ നിന്നു പൊട്ടിക്കിളിർത്ത് കോപ്പിക്സ് തോട്ടമായി മാറുകയായിരുന്നു.

കോപ്പിക്സ് തോട്ടങ്ങൾ ?

നട്ടുപിടിപ്പിക്കാതെ, വെട്ടിയമരത്തിന്റെ കുറ്റിയിൽ നിന്നോ വേരിൽ നിന്നോ മുളപൊട്ടി സ്വാഭാവികമായി വളരുന്ന മരങ്ങളുള്ള തോട്ടങ്ങളെയാണ് കോപ്പിക്സ് എന്നറിയപ്പെടുന്നത്. പരിപാലന ചെലവ് ഇല്ലായെന്നതാണ് നേട്ടം.

ഉടുമ്പന്നൂർ കോപ്പിക്സ് തോട്ടം : 40. 47 ഹെക്ടർ

മുറിച്ച തേക്ക് മരങ്ങൾ : 5818

തടി വിൽപനയിലൂടെ ലഭിച്ചത് : 35 കോടി

ഉടുമ്പന്നൂർ കോപിക്സ് തേക്കുതോട്ടത്തിൽ വനംവകുപ്പ് കാട്ടുമരങ്ങൾ നട്ട് സ്വാഭാവികവനം നിർമ്മിച്ച് സംരക്ഷിക്കും.

എ.എസ്.മനോജ്

(സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ)

Advertisement
Advertisement