വന്യജീവികളെ തുരത്താൻ 9 സ്ഥലത്തു കൂടി ദ്രുതകർമ്മസേന

Thursday 30 May 2024 1:17 AM IST

തിരുവനന്തപുരം: വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തിൽ ഒൻപത് കേന്ദ്രങ്ങളിൽ കൂടി ദ്രുതകർമ്മസേനയെ വിന്യസിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ എട്ടിടങ്ങളിൽ ദ്രുതകർമ്മസേനയുണ്ട്.

വനംവകുപ്പിന് കീഴിലായിരിക്കും ദ്രുതകർമ്മസേന പ്രവർത്തിക്കുക. തിരുവനന്തപുരം ഡിവിഷനിൽ പാലോട്, പുനലൂർ ഡിവിഷനിൽ തെന്മല, കോട്ടയം ഡിവിഷനിൽ വണ്ടൻപാതൽ, മാങ്കുളം ഡിവിഷനിൽ കടലാർ, കോതമംഗലം ഡിവിഷനിൽ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനിൽ പാലപ്പിള്ളി, നെന്മാറ ഡിവിഷനിൽ കൊല്ലങ്കോട്, നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുവാരക്കുണ്ട്, നോർത്ത് വയനാട് ഡിവിഷനിൽ മാനന്തവാടി എന്നിവിടങ്ങളിലാണ് പുതുതായി ദ്രുതകർമ്മസേനകളുണ്ടാക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവയുടെ 9 തസ്തികകൾ വീതം സൃഷ്ടിക്കുന്നതിനും അനുമതി നൽകി.

ഈ വർഷം കാട്ടാന ആക്രമണത്തിൽ ആറ് പേർ മരിച്ചു. പുലിയും കരടിയും കാട്ടുപോത്തുമുൾപ്പെടെ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും ആനകളിറങ്ങി വ്യാപകമായി കൃഷിനാശമുണ്ടാക്കുകയും ചെയ്തിരുന്നു. കാടിറങ്ങി ജനവാസമേഖലയിലേക്ക് വരുന്ന മൃഗങ്ങളെ തിരിച്ചയക്കാനും പ്രതിരോധസംവിധാനത്തിനായി കിടങ്ങുകളുണ്ടാക്കാനും സൗരോർജ്ജ വേലികൾ തീർക്കാനും ആനകളെ പ്രതിരോധിക്കാൻ മതിലുകളുണ്ടാക്കാനും ദ്രുതകർമ്മസേനകളെ നിയോഗിക്കും. കണ്ണൂർ,വയനാട്,കോഴിക്കോട്,നിലമ്പൂർ,പാലക്കാട്,മണ്ണാർക്കാട്,റാന്നി,പേപ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ ദ്രുതകർമ്മസേനകളുള്ളത്.

688 താത്‌കാലിക തസ്തികകൾക്ക്

തുടർച്ചാനുമതി

റവന്യു വകുപ്പിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ തുടർച്ചാനുമതിയിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താത്‌കാലിക തസ്തികകൾക്ക് ഈ വർഷം ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ തുടർച്ചാനുമതി

നൽകും.

സ്റ്റേറ്റ് പബ്ലിക്ക്

പ്രോസിക്യൂട്ടർ

പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയെ കേരള ഹൈക്കോടതിയിൽ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി ജൂൺ രണ്ടു മുതൽ മൂന്ന് വർഷത്തേക്ക് നിയമിക്കാനും തീരുമാനിച്ചു.

Advertisement
Advertisement