ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കാൻ ഇന്ത്യ

Wednesday 29 May 2024 11:22 PM IST

ചെന്നൈ : ഇന്ത്യൻ യുവതാരം ഡി.ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറെനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിന് വേദിയൊരുക്കാൻ സമ്മതമറിയിച്ച് ആൾ ഇന്ത്യ ചെസ് ഫെഡറേഷൻ. ഈ വർഷം നവംബർ 20 മുതൽ ഡിസംബർ 15 വരെ ചെന്നൈയിൽ വച്ച് ടൂർണമെന്റ് നടത്താനുള്ള ബിഡ് ആണ് അന്താരാഷ്ട്ര ചെസ് ഫെഡറേഷന് ഇന്ത്യൻ ഫെഡറേഷൻ സമർപ്പിച്ചത്. ഇതുവരെ ഇന്ത്യ മാത്രമാണ് ബിഡ് നൽകിയിരിക്കുന്നത്. നാളെയാണ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി. നടത്തിപ്പ് അവകാശത്തിനായി സിംഗപ്പുരും ബിഡ് നൽകിയേക്കുമെന്നാണ് അറിയുന്നത്.

71 കോടിയോളം രൂപയാണ് ടൂർണമെന്റിന്റെ നടത്തിപ്പിന് വേണ്ടിവരുന്നത്. ഇതിൽ ഒൻപത് കോടി രൂപ അന്താരാഷ്ട്ര ചെസ് ഫെഡറേഷന് ഫെലിസിറ്റേഷൻ ഫീയായി നൽകുന്നതിനാണ്. ഇന്ത്യ ഇതിന് മുമ്പ് രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് നടത്തിയിട്ടുണ്ട്, 2000ത്തിലും 2013ലും.2000ത്തിൽ വിശ്വനാഥൻ ആനന്ദ് ജേതാവായപ്പോൾ 2013ൽ ആനന്ദിനെ വീഴ്ത്തി മാഗ്നസ് കാൾസനാണ് ചാമ്പ്യനായത്. 2013ൽ ചെന്നൈയിൽ നടത്തിയ ലോക ചാമ്പ്യൻഷിപ്പ് തമിഴ്നാട് സർക്കാരാണ് സ്പോൺസർ ചെയ്തത്. 2022ൽ ചെന്നൈ മഹാബലിപുരത്താണ് ലോക ചെസ് ഒളിമ്പ്യാഡ് നടന്നത്.

Advertisement
Advertisement