സ്പോർട്സ് ഹോസ്റ്റലുകളുടെ അറ്റകുറ്റപ്പണി അവതാളത്തിൽ

Wednesday 29 May 2024 11:24 PM IST

തിരുവനന്തപുരം : അടുത്തയാഴ്ച സ്കൂളുകൾ തുറക്കാനിരിക്കേ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുളള സെൻട്രലൈസ്ഡ് ഹോസ്റ്റലുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തിയില്ല. സാധാരണ ഗതിയിൽ വേനലവധിക്ക് വിദ്യാർത്ഥികൾ വീടുകളിലേക്ക് പോകുമ്പോഴാണ് ഹോസ്റ്റലുകളിലെ പണികൾ നടക്കുന്നത്. ഇത്തവണ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്ന കൗൺസിൽ അറ്റകുറ്റപ്പണികൾ അവഗണിക്കുകയായിരുന്നു.

25 ഹോസ്റ്റലുകളാണ് സ്പോർട്സ് കൗൺസിലിന് കീഴിലുള്ളത്. സ്റ്റേഡിയങ്ങളോട് ചേർന്നാണ് പല ഹോസ്റ്റലുകളും നടത്തുന്നത്. വിദ്യാർത്ഥികൾക്ക് താമസിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പല കെട്ടിടങ്ങളും. ഇത് പരിഹരിക്കാൻ ജീവനക്കാർ കൗൺസിലിൽ പണം ആവശ്യപ്പെടുമ്പോൾ വാർഷിക അറ്റകുറ്റപ്പണിയിൽ പരിഹരിക്കാമെന്ന് പറഞ്ഞ് മടക്കുകയാണ് പതിവ്. പല ഹോസ്റ്റലുകളിലും ജീവനക്കാരുടെ അഭാവവുമുണ്ട്.

കുട്ടികൾ പട്ടിണിയിലാകുമോ ? പുതിയ അദ്ധ്യയന വർഷം ഹോസ്റ്റലുകളിലെത്തുന്ന കുട്ടികൾക്ക് ഭക്ഷണം കൃത്യമായി നൽകാനാകുമോ എന്ന സംശയത്തിലാണ് കൗൺസിൽ. സ്പോർട്സ് ഹോസ്റ്റലുകളിലേക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങിയ വകയിൽ വലിയ തുക കുടിശികയായിട്ടുണ്ട്. സാധനങ്ങൾ വാങ്ങിയ ത്രിവേണി സ്റ്റോറുകൾ ഉൾപ്പടെയുള്ള കടകളിൽ കഴിഞ്ഞ ഒക്ടോബറിന് ശേഷം പണം നൽകിയിട്ടില്ല. ഈ കുടിശിക ലഭിച്ചശേഷം മാത്രം സാധനങ്ങൾ നൽകിയ മതി എന്ന നിലപാടിലാണ് പല സ്റ്റോറുകളും.

ശമ്പള പരിഷ്കരണവും തഥൈവ

ജീവനക്കാർക്ക് സമയത്ത് ശമ്പളം നൽകാത്ത കൗൺസിൽ 11-ാം ശമ്പള കമ്മിഷൻ പരിഷ്കരണശുപാർശകൾ ഇതുവരെ നടത്താത്തതിലും ജീവനക്കാർക്ക് അതൃപ്തിയുണ്ട്. ഇതിന് ആവശ്യമായ ഫണ്ട് ധനകാര്യവകുപ്പിൽ നിന്ന് നേടിയെടുക്കുന്നതിൽ കൗൺസിലിന്റെ തലപ്പത്തിരിക്കുന്നവർക്ക് പ്രാപ്തി ഇല്ലാത്തതാണ് വർഷങ്ങളായി ശമ്പളപരിഷ്കരണം നടപ്പിലാക്കാതിരിക്കുന്നതിന് കാരണമെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഒരു വിഭാഗം താത്കാലിക ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയത് ഇന്നലെ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.സ്ഥി​രം​ ​ജീ​വ​ന​ക്കാ​ർ​ക്ക്കൗ​ൺ​സി​ലി​ന്റെ​ ​നോ​ൺ​ ​പ്ളാ​ൻ​ ​ഫ​ണ്ടി​ൽ​ ​നി​ന്നും​ ​ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്ക് ​ പ്ളാ​ൻ​ഫ​ണ്ടി​ൽ​ ​നി​ന്നു​മാ​ണ് ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​അ​ടു​ത്തി​ടെ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ദി​വ​സ​വേ​ത​ന​ക്കാ​രാ​യി​ ​ജോ​ലി​ ​നോ​ക്കു​ന്ന​ ​ചി​ല​രു​ടെ​ ​ശ​മ്പ​ളം​ ​​നോ​ൺ പ്ളാ​ൻ​ ​ഫ​ണ്ടി​ലേ​ക്ക് ​മാ​റ്റി.​ ​ഇ​തോ​ടെ​ ​അ​വ​ർ​ക്ക് ​സ്ഥി​രം​ ​ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം​ ​ശ​മ്പ​ളം​ ​ല​ഭി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ഭൂരിപക്ഷം വരുന്ന മറ്റ് താത്കാലിക ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്.

ഇന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മറ്റി ഇന്ന് ചേരുന്നുണ്ട്. ഹോസ്റ്റലുകളുടെ അറ്റകുറ്റപ്പണി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ കമ്മറ്റിയിൽ ചർച്ചയാകും.

Advertisement
Advertisement