പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കും: മുഖ്യമന്ത്രി

Thursday 30 May 2024 1:27 AM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് കൈവരിക്കാനുളളതെന്നും ഫേസ്ബുക്ക് പോസ്റ്രിൽ മുഖ്യമന്ത്രി പിണറായിവിജയൻ. 2007ന് ശേഷം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത് ഇപ്പോഴാണ്. ജനകീയ ചർച്ചകൾ സംഘടിപ്പിച്ചുകൊണ്ട് ജനാധിപത്യപരമായ നടപടികളിലൂടെയാണ് പരിഷ്‌കരണം നടപ്പാക്കിയത്. ലോകത്താദ്യമായി വിദ്യാർത്ഥികളും പാഠ്യപദ്ധതി പരിഷ്കരണ ചർച്ചകളിൽ പങ്കെടുത്തു. 13,000ത്തോളം പൊതുവിദ്യാലയങ്ങളിലായി ഏകദേശം 45 ലക്ഷം കുട്ടികളാണ് കേരളത്തിലുളളത്. സൗജന്യമായി കൃത്യസമയത്ത് പുസ്തകങ്ങളും മറ്റും വിദ്യാർത്ഥികൾക്കെത്തിക്കാൻ സാധിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയ മാറ്റമാണ്. 2016ന് മുൻപ് അതായിരുന്നില്ല സ്ഥിതി. കഴിഞ്ഞ 8 വർഷത്തിനിടയിൽ 45,000 ത്തോളം ക്ലാസ് മുറികളാണ് ഹൈടെക്കായി മാറിയത്. 973 സ്‌കൂൾ കെട്ടിടങ്ങളാണ് കിഫ്ബി മുഖേന മാത്രം നവീകരിച്ചത്. ഒന്നര ലക്ഷത്തോളം ലാപ്‌ടോപ്പുകളും 70,000 ത്തോളം പ്രൊജക്ടറുകളും 2000 ത്തോളം റോബോട്ടിക് കിറ്റുകളും സ്‌കൂളുകളിൽ ലഭ്യമാക്കി. സർക്കാർ സ്‌കൂളുകൾക്കു പുറമെ എയ്ഡഡ് സ്‌കൂളുകൾക്ക് പ്രത്യേക ചലഞ്ച് ഫണ്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement