സ്‌കൂൾ തുറക്കൽ: വേഗമാവട്ടെ മുന്നൊരുക്കം

Thursday 30 May 2024 12:02 AM IST
സ്‌കൂൾ

സ്കൂളുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ

വേഗത്തിലാക്കാൻ ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ജില്ലാ പഞ്ചായത്ത് . സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റൽ, സ്‌കൂളുകളുടെ മേൽക്കൂരകളുടെ അറ്റകുറ്റപ്പണി, മണ്ണ് നീക്കം ചെയ്യൽ എന്നിവ പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. എക്സി. എൻജിനീയർ ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്‌കൂളുകൾ സന്ദർശിക്കണമെന്ന് പ്രസിഡന്റ് ഷീജ ശശി നിർദ്ദേശം നൽകി.

അതേസമയം കെ.എസ്.ഇ.ബിയിലേക്ക് അടയ്‌ക്കേണ്ട ബിൽ തുകയുടെ പകുതി പി.ടി.എ അടയ്ക്കണമെന്ന നിർദ്ദേശത്തെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു. കോൺഗ്രസ് അംഗം വി. പി. ദുൽഖിഫിലാണ് വിഷയം ഉന്നയിച്ചത്. കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റൽ, പ്രവൃത്തികൾ പുനർലേലം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. കുറ്റിക്കാട്ടൂർ സ്‌കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ ഈ മാസം 31 നകം പൂർത്തിയാക്കും. സ്‌കൂൾ കൗൺസിലർമാരുടെ ഓണറേറിയം അടിയന്തരമായി നൽകണമെന്ന് ആവശ്യം ഉയർന്നു. രണ്ടു മാസത്തെ ഓണറേറിയമാണ് ബാക്കിയുള്ളതെന്നും ഉടൻ നൽകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിൽ പന്ത്രണ്ട് വർഷമായി നടന്നുവരുന്ന സ്‌നേഹസ്പർശം പദ്ധതി ജില്ലാ പഞ്ചായത്തിന്റെ തനത് പദ്ധതിയായി മാറുന്നതിന് സർക്കാർ ഉത്തരവ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ ഗവ. എച്ച് എസ് എസിന് വേണ്ടി പുതിയ കിണർ കുഴിച്ചിട്ട് പത്തു മാസമായിട്ടും മോട്ടോർ സ്ഥാപിക്കാത്ത വിഷയത്തിൽ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ചോദ്യത്തിന് മറുപടിയായി അറിയിച്ചു. യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി. സുരേന്ദ്രൻ, കെ. പി. റീന, നിഷ പുത്തൻപുരയിൽ, അംഗങ്ങളായ രാജീവ് പെരുമൺപുറ, പി. ടി. എം ഷറഫുന്നീസ, വി.പി. ദുൽഖിഫിൽ, സി. വി .എം. നജ്മ തുടങ്ങിയവർ സംസാരിച്ചു.

ബില്ലുകൾ യഥാസമയം

സമർപ്പിക്കാൻ നിർദ്ദേശം

ഉദ്യോഗസ്ഥർ ബില്ലുകൾ യഥാസമയം ട്രഷറിയിൽ സമർപ്പിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാപഞ്ചായത്ത് യോഗത്തിൽ പ്രസിഡന്റിന്റെ നിർദ്ദേശം. ബില്ല് പാസാകാൻ സമയമെടുക്കുന്നുവെന്ന് അംഗങ്ങൾ ഉന്നയിച്ചതിനെ തുടർന്നായിരുന്നു പ്രസിഡന്റിന്റെ ഇടപെടൽ. ഇ ഓഫീസ് സംവിധാനം നടപ്പാക്കിയതിന്റെ ഉദ്ഘാനം ജൂൺ 25 ന് മുമ്പായി നടത്തും. ജില്ലാ പഞ്ചായത്തിൽ ഫെബ്രുവരിയോടെ ഇ ഓഫീസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാൾ നവീകരണം സംബന്ധിച്ച അജണ്ട യോഗം അംഗീകരിച്ചു. നിലവിലെ ഹാൾ മൂന്നാം നിലയിലേക്ക് മാറ്റിക്കൊണ്ടുള്ള നവീകരണത്തിന് രണ്ട് കോടി രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കുറ്റ്യാടി ഡിവിഷനിൽ കായക്കൊടി പഞ്ചായത്തിലെ നെല്ലിലായി കുടിവെള്ള പദ്ധതിയുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ഡിവിഷൻ മെമ്പർ സി.എം.യശോദ പറഞ്ഞു.

Advertisement
Advertisement