മഴയത്തും വിളഞ്ഞ യുവശക്തി; 2,000 കിലോ കപ്പ കച്ചവടമാക്കി

Thursday 30 May 2024 2:24 AM IST

ആലപ്പുഴ: കനത്ത മഴയിൽ നശിക്കാമായിരുന്ന മൂന്നേക്കറിലെ രണ്ടായിരം കിലോ മരച്ചീനി മണിക്കൂറുകൾ കൊണ്ട് വിളവെടുത്ത് വിറ്റ് ഒരുകൂട്ടം യുവാക്കൾ. യുവകർഷകൻ കഞ്ഞിക്കുഴി സ്വദേശി സുജിത്ത് ഭൂമി പാട്ടത്തിനെടുത്ത് ചെയ്ത കൃഷിയാണ്. നഷ്‌ടം ഭയന്ന സുജിത്തിന് വലിയ ആശ്വാസമായി.

കനത്തെ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് നാല് സഹായികളെയും കൂട്ടി സുജിത്ത് വിളവെടുപ്പ് ആരംഭിച്ചത്. റോഡിൽ വീണ മരം മാറ്റാൻ എത്തിയ എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സിന്റെ ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റിയിലെ പതിനഞ്ച് പ്രവർത്തകരും ഒപ്പം കൂടി. മണിക്കൂറുകൾക്കുള്ളിൽ വിളവെടുത്തു. യൂത്ത് ഫോഴ്സ് അംഗവും, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റും കഞ്ഞിക്കുഴി പഞ്ചായത്ത് ജനപ്രതിനിധിയുമായ ബൈരഞ്ചിത്ത് പഞ്ചായത്തിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലിട്ടതോടെ കപ്പയ്ക്ക് ആവശ്യക്കാരായി. വൈകിട്ട് നാല് മണിയോടെ പുത്തനമ്പലം ജംഗ്ഷനിൽ വാഹനത്തിലെത്തിച്ച കപ്പ രണ്ട് മണിക്കൂറിൽ വിറ്റുതീർത്തു. കിലോ 20 രൂപയ്ക്ക് മൊത്തക്കച്ചവടക്കാരുൾപ്പടെ എത്തി. യൂത്ത് ഫോഴ്സ് പ്രവർത്തകരാണ് വിൽപ്പനയ്ക്കും ചുക്കാൻ പിടിച്ചത്. നാൽപ്പതിനായിരത്തോളം രൂപ സുജിത്തിന് കൈമാറിയാണ് സംഘം മടങ്ങിയത്.

യുവാക്കളുടെ കൂട്ടായ പ്രവർത്തനമാണ് കപ്പ കൃഷിയെ നഷ്ടത്തിൽ നിന്ന് രക്ഷിച്ചത്.

എല്ലാം പെട്ടന്ന് വിറ്റുപോയി

- സുജിത്ത്, കർഷകൻ

കപ്പ പെട്ടെന്ന് ഒരുമിച്ച് വിളവെടുക്കുന്നതും വിറ്റുതീർക്കുന്നതും ഏത് കർഷകനെയും പ്രതിസന്ധിയിലാക്കും. കൂട്ടായ പ്രവർത്തനത്തിലൂടെ നഷ്ടം ഒഴിവാക്കിയതിൽ സന്തോഷം

- ബൈരഞ്ചിത്ത്, കഞ്ഞിക്കുഴി പഞ്ചായത്തംഗം

Advertisement
Advertisement