ദേവസ്വം ബോർഡിലെ സംവരണ നിഷേധം: കേരളകൗമുദി വാർത്തയുടെ പേരിൽ വർഷങ്ങളുടെ പീഡനം

Thursday 30 May 2024 2:31 AM IST

തിരുവനന്തപുരം: ദേവസ്വം ബോർഡുകളിലെ സംവരണം ബന്ധപ്പെട്ട സ്കൂൾ, കോളേജ് നിയമനങ്ങളിലും ബാധകമാക്കി സർക്കാർ ചരിത്രം കുറിച്ചെങ്കിലും ഇതേ അവശ്യം 33 വർഷം മുമ്പ് ഉന്നയിച്ച ബോർഡിലെ ഇടത് യൂണിയൻ നേതാവ് നേരിട്ടത് വർഷങ്ങൾ നീണ്ട പീഡനവും ഒടുവിൽ സസ്പെൻഷനും.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സി.പി.എം അനുകൂല സംഘടനയായ എംപ്ളോയീസ് കോൺഫെഡറേഷന്റെ മുൻ പ്രസിഡന്റ് ആർ.ഷാജി ശർമ്മയ്ക്കാണ് 1991ൽ കേരളകൗമുദി വാർത്തയുടെ പേരിൽ ദുരനുഭവം നേരിട്ടത്.

നിയമനങ്ങളിലും വിദ്യാർത്ഥി പ്രവേശനത്തിലും ഏതാണ്ട് പൂർണ്ണമായും മുന്നാക്ക സമുദായങ്ങൾക്കായിരുന്നു കുത്തക. പിന്നാക്കക്കാർ വിരലിലെണ്ണാവുന്നവർ മാത്രം.പട്ടിക വിഭാഗക്കാർ ആകെ മൂന്ന്.അവർക്ക് അർഹതപ്പെട്ട പ്രൊമോഷനുമില്ല. സബ് ഗ്രൂപ്പ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്ന ഷാജി ശർമ്മ കേരളകൗമുദി ഓഫീസിലെത്തി പത്രാധിപരെ ദുഃസ്ഥിതി ധരിപ്പിച്ചു. ബോർഡിന്റെ അനീതിയും ഇരട്ടത്താപ്പും തുടർന്നുള്ള നിയമനങ്ങളിലെങ്കിലും അവസാനിപ്പിക്കണമെന്ന ഷാജി ശർമ്മയുടെ പ്രസ്താവന കേരളകൗമുദിയുടെ ഒന്നാം പുറം വാർത്തയായി. അതോടെ, സവർണ ലോബി, മഹാപരാധം ചാർത്തി പുറത്താക്കാനുള്ള കരുനീക്കം തുടങ്ങിയതായി പിന്നീട് ഡെപ്യൂട്ടി കമ്മിഷണറായി വിരമിച്ച ഷാജി ശർമ്മ പറഞ്ഞു.

അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.ഭാസ്കരൻ നായർ ഷാജി ശർമ്മയെ വിളിപ്പിച്ച് പത്ര വാർത്തയെപ്പറ്റി തിരക്കി.. അന്ന് ജൂനിയർ സൂപ്രണ്ടായിരുന്ന ഷാജി ശർമ്മയ്ക്ക് സസ്പെൻഷന് മുന്നോടിയായി നോട്ടീസ് നൽകി.നോട്ടീസ് അദ്ദേഹം അവിടെ വച്ച് തന്നെ കീറിയെറിഞ്ഞു. നടപടിയെടുത്ത് പുറത്താക്കാനും, യൂണിയൻ ഭാരവാഹിത്വത്തിൽ നിന്ന് നീക്കാനുമുള്ള തുടർ ശ്രമങ്ങളും പൊളിഞ്ഞു. സീനിയർ മോസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ കമലാഭായിക്ക് കമ്മിഷണർ പദവിയിലേക്കുള്ള പ്രൊമോഷൻ പിന്നാക്ക സമുദായക്കാരിയായതിന്റെ പേരിൽ നിഷേധിക്കുകയും, മുന്നാക്കക്കാരനായ ചീഫ് എൻജിനിയറെ ചട്ടം മറികടന്ന് കമ്മിഷണറായി നിയമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ നടത്തിയ സമരത്തിന് നേതൃത്വം നൽകിയതോടെ, ഷാജി ശർമ്മയെ പുറത്താക്കാനുള്ള നീക്കം ബോർഡിൽ വീണ്ടും ശക്തമായി.

ജി.രാമൻ നായർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിലെ ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കാൻ റിട്ട.ജസ്റ്റിസ്

പരിപൂർണൻ കമ്മിഷനെ ഹൈക്കോടതി നിയോഗിച്ചു.തന്നെ വെറുതെ വിളിച്ചു വരുത്തിയ കമ്മിഷൻ, '99 ശതമാനം മുന്നാക്കക്കാരുള്ള സംഘടനയുടെ പ്രസിഡന്റാവാൻ എന്ത് കുറുക്ക് വിദ്യ പ്രയോഗിച്ചു ' എന്നാണ് പിന്നാക്കക്കാരനായ തന്നോട് ചോദിച്ചതെന്ന് ഷാജി ശർമ്മ പറഞ്ഞു. കമ്മിഷന്റെ ഇടപെടലിനെ തുടർന്ന്, 2009ൽ സർവീസിൽ നിന്ന് സസ്പെ‌ൻഡ് ചെയ്തു. സി.പി.എം അംഗത്വമുണ്ടെന്ന കുറ്റം ചാർത്തിയായിരുന്നു നടപടി.ബോർഡ് പ്രസിഡന്റായിരുന്ന സി.കെ.ഗുപ്തൻ എതിർത്തിട്ടും, സി.പി.ഐ,ആർ.എസ്.പി അംഗങ്ങൾ പിന്തുണച്ചു.ഭൂരിപക്ഷ തീരുമാന പ്രകാരമായിരുന്നു സസ്പെൻഷൻ. അതും കേരളകൗമുദിയിൽ വാർത്തയായി. അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ദേവസ്വം മന്ത്രി ജി.സുധാകരനും പ്രശ്നത്തിൽ ഇടപെട്ടു.സർവീസ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് കണ്ട് ആറ് മാസത്തിനു ശേഷം തിരിച്ചെടുത്തു.

Advertisement
Advertisement