പൊലീസ്  ജനങ്ങൾക്ക്  മുകളിലല്ല: ഹൈക്കോടതി

Thursday 30 May 2024 3:34 AM IST

കൊച്ചി: ജനങ്ങളോട് തട്ടിക്കയറുന്ന പൊലീസ് ഉദ്യോഗസ്ഥന് ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്ന് ഹൈക്കോടതി. സേവനവും സംരക്ഷണവും നൽകേണ്ട പൊലീസ് ജനങ്ങൾക്കു മുകളിലല്ല. ഭയമില്ലാതെ ഒരാൾക്ക് ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാനാവുമോയെന്ന് കോടതി ചോദിച്ചു. പാലക്കാട് ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച്. ഹർജി ജൂൺ 11ന് വീണ്ടും പരിഗണിക്കും.

സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും സീനിയർ ഗവ.പ്ലീഡർ അറിയിച്ചു.

പൊലീസ് സ്റ്റേഷനുകൾ പൊതുസേവന കേന്ദ്രമായതിനാൽ ആർക്കും പേടിയില്ലാതെ ചെല്ലാനുള്ള സാഹചര്യമുണ്ടാവണം. കേരളത്തിലെ പൊലീസ് രാജ്യത്ത് ഏറ്റവും മികച്ചതാണെങ്കിലും ചില ഉദ്യോഗസ്ഥർ കളങ്കമുണ്ടാക്കുന്നു. മനുഷ്യത്വത്തോടെ പെരുമാറാൻ എന്നാണ് പഠിക്കുക? വെല്ലുവിളികളെ നേരിടുന്ന ജോലിയായതിനാൽ അതിനു യോജിച്ചവരെ തെരഞ്ഞെടുക്കണം.

ഒരു സ്ഥാനത്തിരുന്ന് താഴെയുള്ളവരെ അസഭ്യം പറയുന്നത് നീതീകരിക്കാനാവില്ല. ഭയംമൂലം ജനങ്ങൾ എന്തും സഹിക്കുമെന്ന ധാർഷ്ട്യമാണിത്. കോടതി അതീവഗൗരവത്തോടെയാണ് കാണുന്നത്. പൊതുജനങ്ങളോടുള്ള പൊലീസിന്റെ ഇടപെടൽ റെക്കാഡ് ചെയ്യണം. ദൃശ്യങ്ങൾ റെക്കാഡ് ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുമെന്ന ധാരണ മാറ്റണം. വിദേശരാജ്യങ്ങളിൽ പൊലീസ് വാഹനങ്ങളിലടക്കം ക്യാമറയുണ്ടെന്ന് കോടതി പറഞ്ഞു.

അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിലെത്തിയ അഡ്വ. അക്വിബ് സുഹൈലിനോട് ആലത്തൂർ എസ്.ഐ റിനീഷ് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതിനെ തുടർന്ന് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുകയായിരുന്നു. ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന മുൻ ഉത്തരവിന്റെ ലംഘനമാണ് സി.ഐയുടെ പെരുമാറ്റമെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് പരിഗണനയിലുള്ളത്.

Advertisement
Advertisement