പ്ലസ്‌വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ 36,​385 വിദ്യാർത്ഥികൾ

Thursday 30 May 2024 2:18 AM IST

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ ഉൾപ്പെട്ടത് 36,​385 വിദ്യാർത്ഥികൾ. ജില്ലയിൽ ആകെ 82,​425 അപേക്ഷകരുണ്ട്. 49,​664 മെറിറ്റ് സീറ്റാണ് ജില്ലയിലുള്ളത്. 13,​279 സീറ്റുകൾ ട്രയൽ അലോട്ട്മെന്റിൽ പരിഗണിച്ചില്ല. ആദ്യ അലോട്ട്‌മെന്റ് തുടങ്ങുന്നതിന്റെ തൊട്ട് മുമ്പായി വർദ്ധിപ്പിച്ച സീറ്റുകളടക്കം ആകെ ലഭ്യമായ മെറിറ്റ് സീറ്റുകളുടെ കണക്ക് വിദ്യഭ്യാസ വകുപ്പ് പുറത്തിറക്കും. ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റും കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാദ്ധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്‌മെന്റിലേത്. ഈ റിസൽട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്റർ ഉപയോഗിച്ച് ഒരു സ്‌കൂളിലും പ്രവേശനം നേടാനാകില്ല. അപേക്ഷകളിലെ തെറ്റ് തിരുത്താനും ആവശ്യമെങ്കിൽ നേരത്തെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. ജാതി സംവരണ വിവരങ്ങൾ, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ, താമസിക്കുന്ന പഞ്ചായത്തിന്റേയും താലൂക്കിന്റേയും വിവരങ്ങൾ തുടങ്ങിയവ മാറ്റം വരുത്താനാവും.

റീ വാല്യുവേഷൻ ഉൾപ്പെടുത്തിയിട്ടില്ല

ട്രയൽ അലോട്ട്‌മെന്റ് പ്രവർത്തനങ്ങൾ മേയ് 25ന് ആരംഭിച്ചതിനാൽ 27ന് പ്രസിദ്ധീകരിച്ച എസ്.എസ്.എൽ.സി റീവാല്യുവേഷൻ റിസൽട്ട് ട്രയൽ അലോട്ട്‌മെന്റിൽ പരിഗണിച്ചിട്ടില്ല. ഈ മാസം 31ന് വൈകിട്ട് അഞ്ച് വരെ ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. മേയ് 25ന് ഫൈനൽ കൺഫർമേഷൻ നൽകാതിരുന്ന അപേക്ഷകർക്ക് ഈ സമയ പരിധിക്കകം കൺഫർമേഷൻ നൽകാം.

Advertisement
Advertisement