കിട്ടുന്നില്ല സൗജന്യ റേഷൻ

Thursday 30 May 2024 2:24 AM IST

പൊന്നാനി : ട്രോളിംഗ് നിരോധന സമയത്ത് യന്ത്രവത്കൃത യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി അനുവദിച്ച 10 കിലോ അരി ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇത്തരത്തിലൊരു പദ്ധതി നിലവിലുണ്ടെന്ന് ഫിഷറീസ് വകുപ്പ് പറയുമ്പോൾ ഇതേപ്പറ്റി അറിയില്ലെന്നാണ് സിവിൽ സപ്ലൈസ് വിഭാഗത്തിന്റെ നിലപാട്. മൂന്നുവർഷമായി പദ്ധതിപ്രകാരമുള്ള അരി ലഭിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

തിരുവനന്തപുരം,​ എറണാകുളം,​ ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ അരി വിതരണം നടന്നിട്ടുണ്ടെന്ന് ഫിഷറീസ് വിഭാഗം പറയുന്നു. സംസ്ഥാനത്തെവിടെയും അരി വിതരണം നടക്കുന്നില്ലെന്നാണ് സപ്ലൈ ഓഫീസിന്റെ നിലപാട്.

ട്രോളിംഗ് നിരോധന സമയത്ത് കടുത്ത ബുദ്ധിമുട്ട് നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമായുള്ളതാണ് പദ്ധതി. ഒരു മാസം 35 കിലോ സൗജന്യ റേഷനാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇതിന് പുറമേയാണ് ട്രോളിംഗ് നിരോധന സമയത്തുള്ള അരി. മഴ ശക്തമായാൽ കടലാക്രമണവും രൂക്ഷമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ വലിയ ദുരിതത്തിലാവുന്ന സമയമാണിത്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് പൊന്നാനിയിൽ മാത്രം 690 മത്സ്യത്തൊഴിലാളികൾ പദ്ധതിക്ക് അർഹരാണ്. പുറത്തൂരിൽ 30പേരും. എന്നാൽ മൂന്നു വർഷമായി ഈ അരി ജില്ലയിൽ തന്നെ ആർക്കും ലഭിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

പുതുതായി പദ്ധതിയിലേക്ക് ആരും അപേക്ഷിച്ചിട്ടില്ലെന്ന് ഫിഷറീസ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു. അപേക്ഷിക്കാൻ 60 രൂപയോളം ചെലവാകുമെന്നതിനാലാണ് അപേക്ഷകരില്ലാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. നേരത്തെയുള്ള അപേക്ഷകരുടെ ലിസ്റ്റാണ് ഫിഷറീസ് അധികൃതരുടെ കൈവശമുള്ളത്.

അതേസമയം,​ അർഹമായ സൗജന്യ റേഷനായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.

ഈ വർഷം ട്രോളിംഗ് സമയത്തെ സൗജന്യ റേഷന് അർഹരായവരുടെ ലിസ്റ്റ് താലൂക്ക് സപ്ലൈ ഓഫീസർക്ക് നൽകിയിട്ടുണ്ട്. ഇത് റേഷൻകടയിൽ പോയി പ്രത്യേകം ചോദിച്ചുവാങ്ങണം.

പൊന്നാനി ഫിഷറീസ് എക്സ്റ്റൻഷർ ഓഫീസർ

നിലവിൽ മത്സ്യതൊഴിലാളികൾക്ക് 35 കിലോ വീതം അരി കാർഡിന് സൗജന്യമായി നൽകുന്നുണ്ട്. മറ്റൊരു പദ്ധതിയെ കുറിച്ച് അറിയില്ല.
പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർ

മത്സ്യതൊഴിലാളികൾക്ക് അർഹതപ്പെട്ട സൗജന്യ അരി നിഷേധിക്കപ്പെടുകയാണ്. ഇത്തവണ ആദ്യഘട്ടമെന്ന നിലയിൽ താലൂക്ക് സപ്ളൈ ഓഫീസർക്ക് നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും.

കബീർ

മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ്

Advertisement
Advertisement