പ്രവാസികളേ, ധൈര്യമായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ടിക്കറ്റ് എടുക്കൂ; ഇത്തവണ എട്ടുകോടി അടിച്ചെടുത്തത് ഇന്ത്യക്കാരൻ

Thursday 30 May 2024 11:08 AM IST

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ഒരു മില്യൺ ഡോളറിന്റെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയർ പ്രൊമോഷൻ നറുക്കെടുപ്പിലാണ് ചിമലകൊണ്ട കൃഷ്‌ണ എന്ന യുവാവ് ഒരു മില്യൺ ഡോളർ (8.22 കോടി) നേടിയത്. 1999ലാണ് ഡ്യൂട്ടി ഫ്രീ പ്രൊമോഷൻ നറുക്കെടുപ്പ് തുടങ്ങിയത്. ഇതിൽ വിജയിയാവുന്ന 230ാമത് ഇന്ത്യക്കാരനാണ് കൃഷ്‌ണ.

മില്ലേനിയം മില്ല്യനയർ പ്രൊമോഷൻ നറുക്കെടുപ്പിന് പിന്നാലെ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടന്നു. മൂന്ന് ആഡംബര വാഹനങ്ങളായിരുന്നു സമ്മാനം . നറുക്കെടുപ്പിൽ ദുബായിലെ താമസക്കാരനായ ഇന്ത്യൻ പൗരൻ ഹെൻറി പോൾ മെഴ്‌സിഡസ് ബെൻസ് എസ് 500 കാർ സ്വന്തമാക്കി.

1999 മുതൽ ദുബായിൽ താമസിക്കുന്ന പോൾ കഴിഞ്ഞ 15 വർഷമായി നറുക്കെടുപ്പിന്റെ ഭാഗമാകുന്നുണ്ട്. മെഡിക്കൽ മേഖലയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജനറൽ മാനേജറായി ജോലി ചെയ്തുവരികയാണ് പോൾ. ഏറെക്കാലമായി ടിക്കറ്റ് എടുക്കാറുണ്ടെന്നും ഒരുനാൾ ഭാഗ്യം തേടിയെത്തുമെന്ന് വിശ്വസിച്ചിരുന്നുവെന്നും പോൾ പറഞ്ഞു.


യുഎഇ നിവാസിയായ ഇബ്രാഹിം അൽ നുയാമി രണ്ടാം സമ്മാനമായ മെഴ്‌സി‌ഡസ് ബെൻസ് ജി 63 കാർ സ്വന്തമാക്കി. ഇന്ത്യൻ പൗരനായ അജാസ്‌മോൻ കെ എസ് ആണ് മൂന്നാം സമ്മാനമായ ഏപ്രിലിയ ട്യൂനോ വി4 ഫാക്‌ടറി 1100 മോട്ടോർബൈക്കിന് അർഹനായത്. 36കാരനായ അജസ്‌മോൻ അജ്‌മാനിലെ ഒരു കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടീവ് ആണ്.

Advertisement
Advertisement