'ഗള്‍ഫിലെ പ്രവാസികള്‍ ശ്രദ്ധിക്കണം', നിരോധിക്കപ്പെട്ട സാധനങ്ങളൊന്നും ബാഗേജില്‍ ഉണ്ടാകരുത്

Thursday 30 May 2024 9:30 PM IST

ദോഹ: പ്രവാസികളുടെ ശ്രദ്ധയിലേക്ക് കര്‍ശന നിര്‍ദേശവുമായി എംബസി അധികൃതര്‍ രംഗത്ത്. ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സാധനവും കൈവശമോ ബാഗേജിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.

ഖത്തറില്‍ നിരോധിക്കപ്പെട്ട സാധനങ്ങളോ അതൊടൊപ്പം തന്നെ ലഹരി മരുന്നുകളോ ഉള്‍പ്പെടെയുള്ളവ ഒരു കാരണവശാലും കൈവശമുണ്ടാകരുതെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ലഹരി മരുന്നും മറ്റ് നിരോധിത വസ്തുക്കളും കൈവശം വച്ചതിന് നിരവധി ഇന്ത്യക്കാര്‍ പിടിക്കപ്പെട്ടിരുന്നു.

നിരവധിപേരാണ് ഈ കേസുകളില്‍ നിയമനടപടി നേരിടുന്നതെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍ ഖത്തറിലെ നിയമ വ്യവസ്ഥയനുസരിച്ച് വിചാരണയും കടുത്ത നിയമ നടപടികളും നേരിടേണ്ടതായി വരും.

അതുകൊണ്ട് തന്നെ യാത്ര പുറപ്പെടുന്നതിന് മുമ്പ് ബാഗേജ് ആവര്‍ത്തിച്ച് പരിശോധിച്ച് നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് നിര്‍ദേശം. നാട്ടില്‍ നിന്ന് മറ്റുള്ളവര്‍ നല്‍കുന്ന സാധനങ്ങള്‍ ബാഗേജില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് പരിശോധിച്ച് നിരോധിത വസ്തുവല്ലെന്ന് ഉറപ്പുവരുത്തണം.

വിമാനത്താവളങ്ങളില്‍ വച്ച് അപരിചിതര്‍ അടിയന്തരമായി എത്തിക്കേണ്ട സാധനമാണെന്ന് ഉള്‍പ്പെടെ പറഞ്ഞ് കൈവശം തന്ന് വിടുന്ന സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്ന പ്രവണത ഉപേക്ഷിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ നിയമനടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറിഞ്ഞോ അറിയാതെയോ കുരുക്കില്‍പ്പെടരുതെന്ന നിര്‍ദേശം രാജ്യത്തെ പൗരന്‍മാര്‍ക്ക് എംബസി നല്‍കുന്നത്.

Advertisement
Advertisement