വെള്ളപ്പൊക്ക നാശനഷ്ടം പ്രവചിക്കാൻ എ.ഐ വിദ്യ  കാലിക്കറ്റ് എൻ.ഐ.ടി പഠനം

Friday 31 May 2024 12:00 AM IST

ആലപ്പുഴ: മഴയുടെ തോതനുസരിച്ച് കെട്ടിടങ്ങൾക്കടക്കം ഉണ്ടാകാവുന്ന നാശനഷ്ടം മുൻകൂട്ടി വിലയിരുത്തി ദുരന്ത നിവാരണ പ്രവർത്തനം വേഗത്തിലാക്കാൻ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമെന്ന് പഠനം. പ്രളയമുണ്ടായാൽ ഓരോ ഘട്ടത്തിലും ഉണ്ടാകാൻ സാദ്ധ്യതയുള്ള നാശനഷ്ടങ്ങൾ എ.ഐയിലൂടെ അറിയാനാകും. അതിനനുസരിച്ച് രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യാം.

കാലിക്കറ്റ് എൻ.ഐ.ടിയുടെ നേതൃത്വത്തിൽ നാല് ജില്ലകളിലായിരുന്നു പഠനം നടത്തിയത്. അമേരിക്കൻ സൊസൈറ്റി ഒഫ് സിവിൽ എൻജിനിയേഴ്സ് ജേർണലിൽ ഇത് ഇടംപിടിച്ചു. 84%വരെ കൃത്യതയോടെ നാശനഷ്ടങ്ങൾ പ്രവചിക്കാനാകുമെന്നാണ് കണ്ടെത്തൽ. ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 2018ലെ പ്രളയത്തിൽ തകർന്ന 250ലധികം വീടുകളുടെ നിർമ്മാണ സവിശേഷതകൾ ഉൾപ്പെടെ പരിശോധിച്ചായിരുന്നു പഠനം. മഴയുടെ തോത്, കെട്ടിടത്തിന്റെ പഴക്കം, വിസ്തീർണ്ണം എന്നീ ഘടകങ്ങളടക്കം ഉൾപ്പെടുത്തി നാശനഷ്ടം വിലയിരുത്താനാകും.

യു.എസിൽ ജോലി ചെയ്യുന്ന കൊട്ടാരക്കര സ്വദേശി ഡോ.സുജിത്ത് മംഗലത്ത്, കാലിക്കറ്റ് എൻ.ഐ.ടി അദ്ധ്യാപകൻ പ്രൊഫ.റോബിൻ ഡേവിസ്, പാലക്കാട് ഗവ.എൻജിനിയറിംഗ് കോളേജ് അദ്ധ്യാപിക ‌ഡോ.എ.അനീഷ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഡോ.സുജിത്തും, പ്രൊഫ റോബിനും മദ്രാസ് ഐ.ഐ.ടിയിൽ ഓരേകാലയളവിൽ പഠിച്ചിരുന്നവരാണ്. കാലിക്കറ്റ് എൻ.ഐ.ടിയിലെ പൂർവ വിദ്യാർത്ഥികളും പഠനസംഘത്തെ സഹായിച്ചു.

പഠനം 2018ലെ പ്രളയം

അടിസ്ഥാനമാക്കി

1. നാല് ജില്ലകളിൽ 2018ലെ പ്രളയത്തിലുണ്ടായ നാശനഷ്ടത്തോത് കെട്ടിട ഉടമകളോട് ഉൾപ്പെടെ ചോദിച്ചറിഞ്ഞു. ഈ ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്

2.പ്രളയജലനിരപ്പ്, പ്രളയകാലയളവ്, കെട്ടിടത്തിന്റെ പഴക്കം, തറയുടെ വിസ്തീർണ്ണം, മേൽക്കൂര നിർമ്മാണ വസ്തുക്കൾ, ചുമർനിർമ്മാണ വസ്തുക്കൾ എന്നിവയും പരിഗണിച്ചു.

'' പ്രളയമുണ്ടായാൽ ഓരോ ഘട്ടത്തിലും കെട്ടിടത്തിനടക്കം ഉണ്ടാകാൻ സാദ്ധ്യതയുള്ള നാശനഷ്ടങ്ങൾ എ.ഐ പറഞ്ഞുതരും

-ഡോ.സുജിത്ത് മംഗലത്ത്

Advertisement
Advertisement