ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; എസ് ഐക്കും സി ഐക്കും സസ്‌പെൻഷൻ

Friday 31 May 2024 8:15 AM IST

തിരൂർ: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. വളാഞ്ചേരി സി.ഐ സുനിൽദാസ് (53),എസ്.ഐ. ബിന്ദുലാൽ(48) എന്നിവർക്കെതിരെയാണ് നടപടി. മലപ്പുറം എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഡ് ചെയ്‌തത്.

കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ മൂന്ന് പേർക്ക് പങ്കുണ്ടെന്ന് കാണിച്ചാണ് എസ് പി റിപ്പോർട്ട് നൽകിയത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ബിന്ദുലാലിനെയും ഇടനിലക്കാരനായ പാലക്കാട് തിരുവേഗപ്പുറ പൊന്നത്തൊടി അസൈനാറിനെയും (39) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി ഐ ഒളിവിലാണ്.

വളാഞ്ചേരിയിലെ ഒരു ക്വാറിയിൽവച്ച് കഴിഞ്ഞ മാസം സ്‌ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടകവസ്തുക്കൾ എത്തിക്കുന്ന ഏജന്റായ തിരൂർ മുത്തൂർ സ്വദേശി തൊട്ടിയിൽ നിസാറിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തു. ക്വാറിയുടെ ഉടമയെ അടക്കം കേസിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിസാർ വഴി പണം വാങ്ങിയത്.

ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് നിസാർ പണം നൽകിയത്.ഏജന്റിൽ നിന്നും എസ്.ഐ 10 ലക്ഷവും സി.ഐ എട്ട് ലക്ഷവും ഇടനിലക്കാരൻ നാലുലക്ഷവും കൈപ്പറ്റിയെന്നാണ് കേസ്. നിസാർ തന്നെയാണ് വിവരം ഉന്നത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിത്.

മലപ്പുറം ഡി.വൈ.എസ്.പി ടി. മനോജ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരൂർ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ വളാഞ്ചേരി സ്റ്റേഷനിലെത്തി എസ്.ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐക്കായി അന്വേഷണം ഊർജ്ജിതമാക്കി.

Advertisement
Advertisement