ഈ മാസം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത് മൂന്ന് ബഹുരാഷ്ട്ര കമ്പനികൾ, വ്യവസായ നയത്തിന്റെ വിജയമെന്ന് മന്ത്രി

Friday 31 May 2024 7:10 PM IST

തിരുവനന്തപുരം: മേയ് മാസത്തിൽ മാത്രം മൂന്ന് സുപ്രധാന കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത് സംസ്ഥാനത്തിന്റെ വ്യവസായ നയത്തിന്റെ വിജയമാണെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.

ഇറ്റലി ആസ്ഥാനമായുള്ള ഡൈനിമേറ്റഡ്, ജർമ്മനി ആസ്ഥാനമായുള്ള ഡി സ്പേസ്, നോർവേ ആസ്ഥാനമായുള്ള കോങ്ങ്‌സ്ബെർഗ് എന്നീ കമ്പനികളാണ് കേരളത്തിൽ മേയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഹോളോഗ്രാഫിക് റിയാലിറ്റി, ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിസൈൻ ആൻഡ് ആനിമേഷൻ, സ്പെഷ്യൽ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ വിപുലമായ മാറ്റം സാധ്യമാക്കാൻ ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന ഒരു നൂതന സംരംഭമാണ് ഡൈനിമേറ്റഡ്. ഓട്ടോമേഷൻ ആൻഡ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റ് സെൻ്ററാണ് കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര വാഹന നിർമ്മാതാക്കളായ പോർഷെ, ബി എം ഡബ്ല്യു, ഓഡി, വോൾവോ, ജാഗ്വാർ ഉൾപ്പെടെയുള്ള പ്രമുഖർ ഡി-സ്പേസിൻ്റെ ഉപഭോക്താക്കളാണ്. 33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള കോങ്ങ്‌സ്‌ബെർഗ് മാരിടൈം മേഖലയിലെ ലോകോത്തര കമ്പനികളിലൊന്നാണെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മന്ത്രി പി.രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മെയ് മാസത്തിൽ മാത്രം കേരളത്തിലേക്ക് കടന്നുവന്ന 3 സുപ്രധാന കമ്പനികൾ നമ്മുടെ വ്യവസായ നയത്തിൻ്റെ വിജയം കൂടി തെളിയിക്കുന്നതാണ്. ഇറ്റലി ആസ്ഥാനമായുള്ള ഡൈനിമേറ്റഡ്, ജർമ്മനി ആസ്ഥാനമായുള്ള ഡി സ്പേസ്, നോർവേ ആസ്ഥാനമായുള്ള കോങ്ങ്സ്ബെർഗ് എന്നീ കമ്പനികൾ കേരളത്തിൽ മെയ് മാസം പ്രവർത്തനം ആരംഭിച്ചു. ഹോളോഗ്രാഫിക് റിയാലിറ്റി, ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിസൈൻ ആന്റ് ആനിമേഷൻ, സ്പേഷ്യൽ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ വിപുലമായ മാറ്റം സാധ്യമാക്കാൻ ടെക്‌നോളജിയും കലയും ഇന്നൊവേഷനും ഒത്തിണക്കുന്ന ഒരു നൂതന സംരംഭമാണ് ഡൈനിമേറ്റഡ്. ഓട്ടോമേഷൻ ആൻ്റ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റ് സെൻ്ററാണ് കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര വാഹന നിർമ്മാതാക്കളായ പോർഷെ, ബി എം ഡബ്ല്യു, ഓഡി, വോൾവോ, ജാഗ്വാർ ഉൾപ്പെടെയുള്ള പ്രമുഖർ ഡി-സ്പേസിൻ്റെ ഉപഭോക്താക്കളാണ്. 33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള കോങ്ങ്സ്ബെർഗ് മാരിടൈം മേഖലയിലെ ലോകോത്തര കമ്പനികളിലൊന്നാണ്. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. ഇത്രയും പ്രധാനപ്പെട്ട കമ്പനി കൊച്ചിയെ ഒരു മാരിടൈം വ്യവസായ ലക്ഷ്യസ്ഥാനമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നമ്മുടെ നാട്ടിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കപ്പൽ നിർമ്മാണമേഖലയിലും അറ്റകുറ്റപ്പണികളുടെ രംഗത്തും ഉയർന്നുവരുന്ന നഗരമായ കൊച്ചിയിൽ എത്രയും പെട്ടെന്നുതന്നെ വിപുലീകരണം നടത്തുമെന്നും ഉദ്ഘാടന ഘട്ടത്തിൽ തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ബാംഗ്ലൂർ, ചെന്നൈ, പൂനെ തുടങ്ങി ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചതിന് ശേഷം കേരളത്തെ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്ത ഡി സ്പേസും കേരളം മാരിടൈം വ്യവസായ രംഗത്ത് ഉദിച്ചുവരുന്ന ഹബ്ബാണെന്ന് സമ്മതിച്ചുകൊണ്ട് പ്രവർത്തനമാരംഭിക്കുകയും അതേ വേളയിൽ വിപുലീകരണം പ്രഖ്യാപിക്കുകയും ചെയ്ത കോങ്ങ്സ്ബെർഗും ഹോളോഗ്രാഫിക് റിയാലിറ്റി, എ ആർ, വി ആർ, എക്സ് ആർ മേഖലയിൽ വിപ്ലവകരമായ മാറ്റം സാധ്യമാക്കുന്ന ഡൈനിമേറ്റഡും ലോകത്തിന് നൽകുന്ന സന്ദേശം നാലാം വ്യവസായ വിപ്ലവലോകത്തെ ഏത് സംരംഭവും കേരളത്തിൽ ആരംഭിക്കാമെന്നാണ്. മാനവ വിഭവശേഷിയിലും പരിസ്ഥിതി സൗഹൃദ വിഷയത്തിലുമുൾപ്പെടെ ഏത് മാനദണ്ഡമെടുത്തു പരിശോധിച്ചാലും കേരളം ഈ നവീനമായ സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്നാണ്.

Advertisement
Advertisement