മകന്റെ മരണവാർത്ത അറിഞ്ഞപ്പോൾ തോന്നിയ അതേ ദുഃഖം ,​ കോടതിവിധിയിൽ പ്രതികരിച്ച് സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ

Friday 31 May 2024 7:58 PM IST

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തിൽ അറസ്റ്റിലായ 19 പ്രതികൾക്കും ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ. മകൻ മരിച്ചപ്പോൾ അനുഭവിച്ച അതേ ദുഃഖമാണ് വിധി വന്നപ്പോൾ ഉണ്ടായതെന്നും വിധി നിരാശാജനകമെന്നും പിതാവ് ജയപ്രകാശ് പറഞ്ഞു.

സി.ബി.ഐയ്ക്ക് കൊടുക്കേണ്ട കേസ് സർക്കാർ വൈകിപ്പിച്ചതാണ്. സി.പി.എം നേതാവാണ് പ്രതികളെ കീഴടങ്ങാൻ സഹായിച്ചത്. ഇതിൽതന്നെ സർക്കാരിന്റെ പങ്ക് വ്യക്തമാണ്. തെളിവ് നശിപ്പിച്ചത് ആഭ്യന്തര വകുപ്പാണ്. അതുകൊണ്ട് കോടതിക്ക് വേണ്ടവിധം തെളിവ് ലഭിച്ചില്ലെന്ന് ജയപ്രകാശ് പറഞ്ഞു. എസ്.എഫ്.ഐ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളത് എന്നറിഞ്ഞപ്പോഴാണ് സർക്കാർ കേസ് വൈകിപ്പിച്ചത്. അതുവരെ കേസ് നല്ല രീതിയിലാണ് പോയിരുന്നതെന്നും ജയപ്രകാശ് ആരോപിച്ചു. എന്തടിസ്ഥാനത്തിലാണ് പ്രതികൾക്ക് ജാമ്യം കൊടുത്തതെന്നറിയില്ല. ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകും. പ്രതികളെ വെറുതെവിടാൻ ഉദ്ദേശിക്കുന്നില്ല. കോടതി മാത്രമല്ല,​ ദൈവമുണ്ടല്ലോയെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും അമ്മ പറഞ്ഞു.

19 പേർക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ധാർത്ഥിന്റെ മരണത്തിൽ സാക്ഷി മൊഴികൾ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് സിബിഐ വാദിച്ചെങ്കിലും കോടതി ഇത് തള്ളി

കോടതി കര്‍ശന ഉപാധികളോടെയാണ് 19 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും ജാമ്യവിധിയില്‍ പറയുന്നു. കേസ് അവസാനിക്കുന്നത് വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും പാസ്‌പോർട്ടുകൾ ഉടൻ തന്നെ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിദ്യാർത്ഥികളാണെന്നും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും പ്രതികൾ ‌ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. സിദ്ധാർത്ഥ് ക്രൂരമായ റാഗിംഗിനും കൊടിയമർദനത്തിനും ഇരയായെന്ന് സി ബി ഐയുടെ അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
Advertisement