കൊച്ചി കപ്പൽശാലയ്ക്ക് 180 കോടിയുടെ ഡഗ് നിർമ്മാണ കരാർ

Saturday 01 June 2024 1:04 AM IST
ഡഗ്ഗുകൾ നിർമ്മിക്കാനുള്ള കരാറിൽ ഉടുപ്പി ഷിപ്പ്‌യാർഡ് സി.ഇ.ഒ എ. ഹരികുമാറും ഒ.എസ്.എൽ എം.ഡിയും സി.ഇ.ഒയുമായ ഹിരേൻ ഷായും ഒപ്പുവച്ചപ്പോൾ

കൊച്ചി: അദാനി ഹാർബർ സർവീസസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിനായി മൂന്ന് 70 ടി ബൊള്ളാർഡ് പുൾ എ.എസ്.ഡി. ടഗുകൾ നിർമ്മിക്കാനുള്ള ഓർഡർ കൊച്ചി കപ്പൽശാല കരസ്ഥമാക്കി. 180 കോടിയോളം രൂപയുടെ കരാറാണിത്.

കൊച്ചിൻ കപ്പശാലയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലാണ് (യു.സി.എസ്. എൽ) ഡഗുകൾ നിർമ്മിക്കുക. കരാറിൽ ഉഡുപ്പി ഷിപ്പ്‌യാർഡ് സി.ഇ.ഒ എ.ഹരികുമാറും ഒ.എസ്.എൽ എം.ഡിയും സി.ഇ.ഒയുമായ ഹിരേൻ ഷായും ഒപ്പുവച്ചു.

ഒ.എസ്.എല്ലിനായി രണ്ട് 62 ടൺ ബൊള്ളാർഡ് പുൾ ടഗുകൾ നിർമ്മിച്ച് കൈമാറിയിരുന്നു.

പുതിയ ടഗുകൾക്ക് 33 മീറ്റർ നീളവും 12.2 മീറ്റർ ബീമും 4.2 മീറ്റർ ആഴവുമുണ്ടാകും. 1838 കെ.ഡബ്‌ളിയുവിന്റെ രണ്ട് പ്രധാന എൻജിനുകൾ, ഡീസൽ ജനറേറ്ററുകൾ, ഡെക്ക് ക്രെയിൻ തുടങ്ങിയവയുണ്ടാകും.

രൂപകല്പന റോബർട്ട് അലൻ ലിമിറ്റഡ്

ടഗുകൾക്കായുള്ള ലോകത്തെ മുൻനിര സ്ഥാപനമായ റോബർട്ട് അലൻ ലിമിറ്റഡ് രൂപകല്പന ചെയ്തതാണ് ടഗുകൾ.

ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾ പ്രകാരം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അംഗീകൃത സ്റ്റാൻഡേർഡ് ടഗ് രൂപകല്പനയും നിർദ്ദേശങ്ങളും പ്രകാരം കരാറിലേർപ്പെടുന്ന ആദ്യ ഇന്ത്യൻ കപ്പൽശാലയാണ് യു.സി.എസ്.എൽ.

..........................................................

സുസ്ഥിരമായ പരിഹാരങ്ങൾക്ക് ഊന്നൽ നൽകിയാണ് ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹാർദ ടഗി​ന്റെ നിർമ്മാണം ഏറ്റെടുക്കുന്നത്.

മധു എസ്. നായർ, സി.എം.ഡി

കൊച്ചി കപ്പൽശാല

Advertisement
Advertisement