ബി പ്ലസ് ലഭിച്ച വിദ്യാർത്ഥിക്ക് റീ വാല്യുവേഷനിൽ എ പ്ലസ് ഫുൾ എ പ്ലസ് നേടി അർജുൻ

Saturday 01 June 2024 12:25 AM IST

മണ്ണാർക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസും ഒരു ബി പ്ലസും നേടിയ വിദ്യാർത്ഥിക്ക് റീ വാല്യുവേഷനിലൂടെ സമ്പൂർണ എ പ്ലസ് വിജയം. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉറപ്പിച്ച് കാത്തിരുന്ന ശ്രീകൃഷ്ണപുരം ഹൈസ്‌കൂൾ വിദ്യാർത്ഥി അർജുനാണ് റിസൾട്ട് വന്നപ്പോൾ തിരിച്ചടിയായി ഒമ്പത് എ പ്ലസും ഒരു ബി പ്ലസും ലഭിച്ചത്.

നന്നായി പഠിക്കുന്ന വിദ്യാർത്ഥി ആയതിനാൽ അർജുന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഉറപ്പിച്ചിരുന്നു. എന്നാൽ റിസൾട്ട് വന്നപ്പോൾ ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമായി. കെമിസ്ട്രിയിലായിരുന്നു ബി പ്ലസ് ലഭിച്ചത്. ക്ലാസിൽ നന്നായി പഠിക്കുന്ന അർജുന് എന്തായാലും ബി പ്ലസ് ലഭിച്ചാൽ പോര എന്ന് അദ്ധ്യാപകർക്ക് ഉറപ്പുണ്ടായിരുന്നു. അർജുനും തനിക്ക് ഈ മാർക്ക് ലഭിച്ചാൽ പോര എന്ന ഉത്തമ വിശ്വാസത്തിലായിരുന്നു. തുടർന്ന് അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം കെമിസ്ട്രി പേപ്പർ റീ വാല്യുവേഷന് അപേക്ഷ നൽകിയതോടെ ബി പ്ലസുള്ള എ പ്ലസായി മാറി. പുഞ്ചപ്പാടം വലിയ വീട്ടിൽ രാമചന്ദ്രൻ-പ്രേമ ദമ്പതികളുടെ മകനാണ് അർജുൻ.


പ്രതീക്ഷിച്ച റിസൾട്ട് ലഭിക്കാതെ വന്നപ്പോൾ ഉണ്ടായ വിഷമം വളരെ വലുതാണ്. അച്ഛനും അമ്മയും അദ്ധ്യാപകരും നൽകിയ പിന്തുണയും അതോടൊപ്പം കൂടുതൽ മാർക്ക് ലഭിക്കും എന്ന എന്റെ ഉറച്ച വിശ്വാസവുമാണ് റീ വാല്യുവേഷന് നൽകാൻ പ്രേരണയായത്. അതിലൂടെ പ്രതീക്ഷിച്ച റിസൾട്ട് തന്നെ ലഭിച്ചതിൽ സന്തോഷമുണ്ട്. ഒപ്പം റിസൾട്ട് വന്നത് മുതൽ പല സ്ഥലങ്ങളിലായി നടന്ന അനുമോദന ചടങ്ങുകളിൽ പങ്കെടുക്കാനാകാത്ത വിഷമവും ഉണ്ട്.

---അർജുൻ.

Advertisement
Advertisement