അവന്തികയുടെ സങ്കടം മന്ത്രി ശിവൻകുട്ടി കണ്ടു: മോഷ്ടാവെടുത്ത സൈക്കിളിന് പകരം പുതിയത് വീട്ടിലെത്തും

Saturday 01 June 2024 4:50 AM IST

കൊച്ചി: സൈക്കിൾ മോഷണം പോയതിന്റെ സങ്കടം അറിയിക്കാൻ കത്തെഴുതിയ പത്താം ക്ളാസുകാരി അവന്തികയ്‌ക്ക് മന്ത്രി വി. ശിവൻകുട്ടി സമ്മാനിക്കുന്നത് പുതിയ സൈക്കിൾ. പുത്തൻ സൈക്കിളുമായി ജൂൺ രണ്ടിന് കൊച്ചിയിലെത്തുന്ന മന്ത്രിയെ കാത്തിരിക്കുകയാണ് എറണാകുളം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് പത്താം ക്ളാസ് ഫുൾ എ പ്ളസോടെ പാസായ അവന്തിക.

പാലാരിവട്ടം വട്ടത്തിപ്പാടത്തെ വാടകവീട്ടിൽ നിന്ന് നാലുകിലോമീറ്റർ അകലെ വെണ്ണലയിൽ അവന്തിക ട്യൂഷന് പോയിരുന്നത് ബി.എസ്.എ ലേഡി ബേർഡ് സൈക്കിളിലായിരുന്നു. പുലർച്ചെ ആറിന് ട്യൂഷന് പോയി തിരിച്ചെത്തിയിട്ടു വേണം ബസിൽ സ്‌കൂളിൽ പോകാൻ.

മേയ് 21ന് ട്യൂഷൻ കഴിഞ്ഞ് സൈക്കിൾ വീട്ടുമുറ്റത്തുവച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോൾ സൈക്കിളില്ല. തുടർന്ന് സമീപത്തെ ഫ്ളാറ്റിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ ഒരാൾ സൈക്കിളെടുത്ത് പോയെന്ന് വ്യക്തമായി. പാലാരിവട്ടം പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്നാണ് ആറായിരം രൂപയുടെ സൈക്കിൾ നഷ്ടമായതിന്റെ സങ്കടമറിയിക്കാൻ മന്ത്രി ശിവൻകുട്ടിക്ക് ഇ-മെയിലയച്ചത്. മന്ത്രി പൊലീസിന് നിർദ്ദേശം നൽകിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. തുടർന്നാണ് സൈക്കിൾ സമ്മാനിക്കാൻ മന്ത്രി തീരുമാനിച്ചത്.

 മന്ത്രിയുടെ തീരുമാനമറിയിച്ചത് 'കേരളകൗമുദി"

ഗുരുവായൂർ സ്വദേശിയും പച്ചക്കറിക്കടയിലെ തൊഴിലാളിയുമായ ഗിരീഷിന്റെയും വീട്ടമ്മയായ നിഷയുടെയും മകളാണ് അവന്തിക. സൈക്കിൾ നൽകാനുള്ള മന്ത്രിയുടെ തീരുമാനം 'കേരളകൗമുദി" അറിയിച്ചപ്പോൾ അവന്തിക ഗുരുവായൂർ ആറ്റുപുറത്തെ വീട്ടിലായിരുന്നു. പത്താം ക്ലാസിലെ വിജയത്തിനുള്ള എം.എൽ.എയുടെ ആദരവ് സ്വീകരിക്കാൻ പോയതാണ്. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ളസ് വൺ സയൻസിൽ പ്രവേശനം നേടിയിട്ടുണ്ട്. മെഡിക്കൽ പഠനത്തിന് ശ്രമിക്കണം. അല്ലെങ്കിൽ അദ്ധ്യാപികയാവണം എന്നതാണ് അവന്തികയുടെ മോഹം. അനുജൻ അവനീഷ് എസ്.ആർ.വി സ്കൂളിൽ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ്.

Advertisement
Advertisement