കേരളത്തിന് വീണ്ടും പുതിയ ട്രെയിന്‍, യാഥാര്‍ത്ഥ്യമാകുന്നത് മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യം

Friday 31 May 2024 9:52 PM IST

തിരുവനന്തപുരം: കേരളത്തിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ. മലയാളികള്‍ വളരെ നാളായി ആവശ്യപ്പെടുന്ന മുംബയ്- കൊച്ചുവേളി റൂട്ടിലേക്കാണ് പുതിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. പന്‍വേലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊച്ചുവേളിയിലേക്കാണ് സര്‍വീസ് നടത്തുക. പ്രതിദിന ട്രെയിന്‍ ആയിരുന്നു കേരളം ആവശ്യപ്പെട്ടതെങ്കിലും പ്രതിവാര ട്രെയിന്‍ ആണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ചേര്‍ന്ന ടൈംടേബിള്‍ കമ്മിറ്റിയാണ് പുതിയ ട്രെയിന്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

അതേസമയം ട്രെയിന്‍ എപ്പോള്‍ മുതല്‍ ഓടിത്തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂലായില്‍ സര്‍വീസ് ആരംഭിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


മുംബയ്-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പൂനെ-കന്യാകുമാരി ആക്കിയതോടെ ആ വണ്ടിയും മുംബയ്ക്കാര്‍ക്ക് നഷ്ടമായി. ഈ സാഹചര്യത്തിലാണ് മുംബയ്-കേരള പ്രതിദിന ട്രെയിന്‍ എന്ന ആവശ്യം മദ്ധ്യ റെയില്‍വേയും ദക്ഷിണ റെയില്‍വേയും കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിദിന ട്രെയിനിന് സൗകര്യം ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കൊങ്കണ്‍ റെയില്‍വേ നല്‍കിയ മറുപടി. പ്രതിവാര സര്‍വീസ് ആണെങ്കില്‍ അസൗകര്യങ്ങളില്ലെന്നും അവര്‍ നിലപാടറിയിച്ചു. മുംബയ് നഗരത്തിനുള്ളിലെ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന തരത്തില്‍ സര്‍വീസ് വേണമെന്നും ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടിരന്നു.

നിലവില്‍ നഗരത്തിനുള്ളിലെ എല്ലാ സ്റ്റേഷനുകളും പരമാവധി ട്രെയിനുകളാല്‍ നിറഞ്ഞതിനാല്‍ ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് പന്‍വേലില്‍ നിന്ന് ആരംഭിക്കാന്‍ ധാരണയായത്.

Advertisement
Advertisement