പെരുമ്പളം-പൂത്തോട്ട റൂട്ടിൽ ജീവൻ കയ്യിലേന്തി ബോട്ടുയാത്രക്കാർ

Saturday 01 June 2024 1:06 AM IST

പൂത്തോട്ട: പറഞ്ഞിട്ടും മനസിലാകാതെ അധികൃതർ. ദുരിതമനുഭവിച്ച് പെരുമ്പളം -പൂത്തോട്ട റൂട്ടിലെ ബോട്ട് യാത്രക്കാർ. കാലപ്പഴക്കത്താൽ കണ്ടം ചെയ്യാനായതും കൃത്യമായ അറ്റകുറ്റ പണികൾ നടത്താത്തതുമായ ബോട്ടുകളാണ് ഇവിടെ സ‍ർവീസ് നടത്തുന്നതിലേറെയും.

കഴിഞ്ഞ ദിവസം രാവിലെ 6.55 ന് വാത്തിക്കാട് നിന്ന് പൂത്തോട്ടയ്ക്ക് പോയ ഫെറി ബോട്ട് എൻജിൻ കേടായി നടുക്കായലിൽ നിന്നു. പെരുമഴയും കാറ്റും കോളും അമിതമായ വെള്ളപ്പാച്ചിലും ഉള്ള സമയത്താണ് എൻജിൻ നിലച്ച് ബോട്ടുകൾ കായലിൽ കുടുങ്ങിയത്. പാണാവള്ളി സ്റ്റേഷനിൽ നിന്നെത്തിയ ആംബുലൻസ് ബോട്ട് ഫെറിബോട്ടിനെ കെട്ടിവലിച്ച് കൊണ്ടു പോവുന്നതു വരെ ജീവൻ കൈയ്യിൽ പിടിച്ച് നിൽക്കുകയായിരുന്നു യാത്രക്കാർ.

ജങ്കാറുമില്ല

കിഴക്കൻ മേഖലയിലേക്കുള്ള ജങ്കാർ സർവീസ് നിലച്ചിട്ട് അഞ്ചുദിവസമായി. പെരുമ്പളം-പാണാവള്ളി റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന 'ഐശ്വര്യ' ജങ്കാർ തകരാറിലായതോടെ പെരുമ്പളം-പൂത്തോട്ട റൂട്ടിലെ ജങ്കാർ പാണാവള്ളിയിലേക്ക് നൽകുകയായിരുന്നു.

വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാകും

കാട്ടിക്കുന്ന്, കാഞ്ഞിരമറ്റം, ഉദയംപേരൂർ, പുത്തൻകാവ്, തൃപ്പൂണിത്തുറ എന്നീ ഭാഗങ്ങളിൽ നിന്ന് ഏകദേശം 400 ഓളം കുട്ടികൾ പെരുമ്പളത്ത് പഠിക്കുന്നുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കുകയാണ്. തുടർച്ചയായുള്ള ബോട്ട് മുടക്കം വിദ്യാർത്ഥികൾക്ക് ക്ളേശകരമായി മാറുമെന്ന് തീർച്ച.

സർവീസ് നടത്താൻ പര്യാപ്തമില്ലാത്ത ബോട്ടുകൾ പിൻവലിച്ച് പുതിയ ബോട്ടുകൾ നൽകണമെന്ന് ഗതാഗത മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ.

പരാതികളേറെ

അറ്റകുറ്റപ്പണിയ്ക്കായി കഴിഞ്ഞ രണ്ടു ദിവസമായി നിർത്തിവച്ച ബോട്ട് സർവ്വീസ് പു:നരാരംഭിച്ചെങ്കിലും സമയക്രമം പാലിക്കുന്നില്ല എന്ന് പാണാവള്ളി പൂത്തോട്ട റൂട്ടിലെ യാത്രക്കാർ പരാതിപ്പെടുന്നു. ഓഫീസുകളിലും മറ്റും കൃത്യസമയത്ത് എത്താനാകാതെ വലയുകയാണ്. യാത്രക്കാരുടെ ബാഹുല്യമുള്ള ഈ റൂട്ടിൽഏതെങ്കിലും കാരണവശാൽ സർവീസ് മുടങ്ങിയാൽ മറ്റ് റൂട്ടുകളിൽ നിന്ന് ബോട്ടുകൾ പിൻവലിച്ച് മുൻകാലങ്ങളിൽ ഇവിടെ സർവീസ് നടത്തുമായിരുന്നു.

ബോട്ടുകളിൽ ദിശാ ബോർഡ് സ്ഥാപിക്കണമെന്ന കർശന നിർദ്ദേശം ഉണ്ടെങ്കിലും ജീവനക്കാർ അത് പാലിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഒന്നിൽ കൂടുതൽ ബോട്ടുകൾ ഒരുമിച്ച് അടുക്കുമ്പോൾ ഏത് ജെട്ടിയിലേക്കെന്ന് അറിയാതെ കാത്തുനില്ക്കുന്ന യാത്രക്കാർ കുഴങ്ങുന്നു. തെറ്റായ ബോട്ടിൽ കയറിയ യാത്രക്കാരെ ജീവനക്കാർ അടുത്ത ജെട്ടിയിൽ ഇറക്കി വിടും. ഇതും യാത്രക്കാർക്ക് സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കുന്നു.

Advertisement
Advertisement