നാലാംനാൾ ഫലമറിയാം; നെഞ്ചിടിപ്പിൽ മുസ്‌ലിം ലീഗ്

Friday 31 May 2024 11:23 PM IST

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ നാലുനാൾ മാത്രം ശേഷിക്കേ മലപ്പുറത്തും പൊന്നാനിയിലും വിജയം ഉറപ്പിക്കുന്ന മുസ്‌ലിം ലീഗ് ഭൂരിപക്ഷം സംബന്ധിച്ച് ആശങ്കകളിലാണ്. സമസ്ത - മുസ്‌ലിം ലീഗ് തർക്കം മലപ്പുറത്തും പൊന്നാനിയിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് ആത്മവിശ്വാസം കൊള്ളുമ്പോഴും അടിയൊഴുക്കുകൾ സംബന്ധിച്ച അവ്യക്തത ലീഗിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. പൊന്നാനിയിൽ പരമാവധി 10,000ത്തിന് താഴെ വോട്ടേ നഷ്ടമാവൂ എന്നാണ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തിയത്. പൊന്നാനിയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെയും മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. ലീഗുമായി അഭിപ്രായ വ്യത്യാസമുള്ള സമസ്തക്കാരിൽ ഒരുവിഭാഗത്തിന്റെ വോട്ട് ലഭിച്ചെന്നുമാണ് ലീഗിന്റെ അവകാശവാദം. വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ കൂടി ചേർത്താണ് ഇരുമണ്ഡലങ്ങളിലെയും ഭൂരിപക്ഷ കണക്ക് യു.ഡി.എഫ് ക്യാമ്പ് തയ്യാറാക്കിയിട്ടുള്ളത്.

പൊന്നാനിയിലും മലപ്പുറത്തും സമസ്ത വോട്ട് ചോർന്നതിനൊപ്പം കോൺഗ്രസ് വോട്ടുകളിലും കുറവുവന്നതായാണ് മുസ്‌ലിം ലീഗിന്റെ ആഭ്യന്തര വിലയിരുത്തൽ. കോൺഗ്രസിന് വേരോട്ടമുള്ള പൊന്നാനിയിലും തൃത്താലയിലും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. തിരഞ്ഞെടുപ്പ് ഫലത്തോടെ മലപ്പുറത്ത് ലീഗ്-കോൺഗ്രസ് ബന്ധത്തിൽ വീണ്ടും വിള്ളലുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. പൗരത്വ ഭേദഗതിയടക്കം വലിയ ചർച്ചയായിട്ടും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോളിംഗ് കുറഞ്ഞതിന്റെ ഞെട്ടൽ ഇതുവരെ ലീഗിനെ വിട്ടുമാറിയിട്ടില്ല. പൊന്നാനിയിൽ 2019ൽ പോളിംഗ് 74.98 ശതമാനമെങ്കിൽ ഇത്തവണ 69.70ലേക്ക് ചുരുങ്ങി. 5.28 ശതമാനത്തിന്റെ കുറവ്. മലപ്പുറത്ത് 2019ൽ 75.49 ശതമാനമാണ് പോളിംഗ്. ഇത്തവണ 73.40 ആണ്. 2.09 ശതമാനത്തിന്റെ കുറവുണ്ട്.

സമസ്ത - മുസ്‌ലിം ലീഗ് ബന്ധത്തിലും ഏറെ നിർണ്ണായകമാണ് തിരഞ്ഞെടുപ്പ് ഫലം. സമസ്ത യുവജന സംഘടനയിലെ ചില നേതാക്കളുടെ ഒത്താശയോടെ പൊന്നാനിയിൽ അബ്ദുസമദ് സമദാനിക്കെതിരെ രഹസ്യപ്രചാരണം നടത്തിയെന്നും ടീം സമസ്ത പൊന്നാനിക്ക് സമസ്തയുടെ ഡാറ്റാബേസിൽ നിന്ന് ഫോൺ നമ്പറുകൾ ചോർന്നെന്നുമുള്ള ആക്ഷേപം ലീഗ് നേതാക്കൾക്കുണ്ട്. തിരഞ്ഞെടുപ്പിന് ശേഷവും ഒളിഞ്ഞുതെളിഞ്ഞും സമസ്തയിലെ ഒരുവിഭാഗം നേതാക്കൾ നടത്തുന്ന നീക്കങ്ങളിൽ മൗനം അവലംബിക്കുന്ന ലീഗ് നേതൃത്വം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ കാത്തിരിക്കുകയാണ്.

പിന്നിലല്ല ഒപ്പത്തിനൊപ്പം

ബൂത്തടിസ്ഥാനത്തിലുള്ള കണക്കുകൾ നിരത്തി പൊന്നാനിയിൽ യു.ഡി.എഫിന് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞെന്നും മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കുമെന്നുമാണ് സി.പി.എമ്മിന്റെ അവകാശവാദം. പൊന്നാനിയും തൃത്താലയും ചേർന്ന് 28,000 വോട്ടിന്റെയും തവനൂർ, താനൂർ മണ്ഡലങ്ങളിൽ നിന്ന് 13,000 വോട്ടിന്റെയും ലീഡ് ഉണ്ടാകുമെന്നും എൽ.ഡി.എഫ് കണക്കാക്കുന്നു. തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 45,000 വോട്ടിന്റെ ലീഡേ ഉണ്ടാവൂ. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ വോട്ടുകൾ കൂടി ചേർന്നാലും കാൽലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് നിലവിൽ സമദാനിക്ക് സി.പി.എം കണക്കാക്കുന്നത്. ഇതേ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഹംസ വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്നുമാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ.

കോട്ടകൾ കൈവിടില്ല

മന്ത്രി വി.അബ്ദുറഹ്മാന്റെ മണ്ഡലമായ താനൂരിൽ ഇത്തവണ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. പൊന്നാനിയും തൃത്താലയും തവനൂരും എൽ.ഡി.എഫിനെ തുണച്ചാലും ഇവിടങ്ങളിലെ ഭൂരിപക്ഷം 20,000ത്തിൽ കവിയില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കോട്ടക്കൽ, തിരൂരങ്ങാടി, തിരൂർ എന്നിവിടങ്ങളിൽ ഭൂരിപക്ഷം ഒരുലക്ഷം കവിയും. ഇവിടങ്ങളിൽ 70 ശതമാനം പോളിംഗ് ഉയർന്നത് ഗുണകരമാവുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.

Advertisement
Advertisement