ഒാണപ്പൂക്കളം ഒരുക്കാൻ പെരുനാട്ടിൽ ഗ്രാമം പദ്ധതി

Friday 31 May 2024 11:35 PM IST

റാന്നി: പെരുനാട് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന് ഓണക്കാലത്തേക്ക് ആവശ്യമായ മുഴുവൻ പൂക്കളും തദ്ദേശികമായി ഉല്പാദിപ്പിക്കുവാൻ പൂവൊരുക്കും . ഇതിനായി ഗ്രാമം പദ്ധതിക്ക് തുടക്കമായി. എസ് സി, എസ് ടി,ജനറൽ വിഭാഗത്തിലായി മുഴുവൻ കർഷകരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. എസ് സി, എസ് ടി വിഭാഗത്തിന് പൂർണ്ണമായും സൗജന്യമായി ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ബന്ദി തൈകൾ നൽകും. ജനറൽ വിഭാഗത്തിന് 75% സബ്സിഡിക്കും തൈകൾ നൽകും. പദ്ധതിയുടെ തുടക്കം മുതൽ വിപണനം വരെയുള്ള കാര്യങ്ങളിൽ കൃഷിഭവൻ നേരിട്ട് നേതൃത്വം വഹിക്കും. മറുനാടൻ പൂക്കളെ ആശ്രയിച്ച് ഓണം ഒരുക്കുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്തുകയാണ് പദ്ധതിയുടെ ഉദ്ദേശം. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനൊപ്പം പൂക്കളുടെ കാര്യത്തിലും സ്വയം പര്യാപ്തതയിൽ എത്തുകയാണ് പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് . ബന്ദി കൃഷിക്ക് പുറമേ സൂര്യകാന്തി,കുറ്റി മുല്ല തുടങ്ങിയ പൂക്കളുടെ കൃഷിയും വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. വനിതാ ഘടക പദ്ധതിയായതിനാൽ വനിതാ കർഷകർക്കാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക. പദ്ധതിയുടെ ഭാഗമായി പൂക്കളുടെ കൃഷി ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന വനിതാ കർഷകർ ജൂൺ 5ന് മുമ്പായി കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യണം.

Advertisement
Advertisement