ആറന്മുള പാർത്ഥസാരഥി ക്ഷേത്രം: മതിൽക്കെട്ട് നന്നാക്കാൻ നിവേദനം നൽകി

Friday 31 May 2024 11:37 PM IST

ജൂലായ് ഒന്നിന് വഴിപാട് വള്ളസദ്യ തുടങ്ങും മുമ്പ് പണി തീർക്കണമെന്ന് ആവശ്യം

കോഴഞ്ചേരി: കനത്ത മഴയിൽ ഇടിഞ്ഞുവീണ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മതിൽക്കെട്ട് സമയബന്ധിതമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാംബദേവൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന് നിവേദനം നൽകി. വഴിപാട് വള്ളസദ്യകൾ ജൂലായ് ഒന്നു മുതൽ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നിവേദനം നൽകിയത്. ആചരപരമായി കരകളിൽ നിന്നും പമ്പാ നദിയിലൂടെ എത്തുന്ന പള്ളിയോടങ്ങളെ വഴിപാടുകാർ സ്വീകരിക്കുന്നത് വടക്കേ ഗോപുരനടയുടെ പടിക്കെട്ടുകളിറങ്ങി ചെന്നാണ്. ഗോപുരത്തിനും വടക്കേ ഊട്ടുപുരയ്ക്കും ഇടയ്ക്കുള്ള മതിലാണ് ഇടിഞ്ഞത്. ഇതുമൂലം ഗോപുരത്തിനും ഊട്ടുപുരയ്ക്കും സാരമായ രീതിയിൽ ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. ജൂലായ് മാസത്തിന് മുൻപ് പണികൾ തീർന്നില്ലെങ്കിൽ വഴിപാട് വള്ളസദ്യകളുടെ നടത്തിപ്പിനെ ഇത് പ്രതികൂലമായി ബാധിക്കും. മതിൽ ഇടിഞ്ഞു കിടക്കുന്നത് ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണ്. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതും മതിൽക്കെട്ടിനുള്ളിലെ മുറിയിലാണ്. ഇവിടെ സുരക്ഷയ്ക്ക് ഒരു വാച്ചർ മാത്രമാണുള്ളത്. വള്ളസദ്യയ്‌ക്കൊപ്പം ആഗസ്റ്റ് 26ന് അഷ്ടമിരോഹിണി വള്ളസദ്യയും സെപ്തംബർ 18ന് ഉത്രട്ടാതി വള്ളംകളിയും നടക്കും. ഈ ദിവസങ്ങളിലെല്ലാംതന്നെ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പള്ളിയോട സേവാസംഘം ദേവസ്വം പ്രസിഡന്റിന് നിവേദനം നൽകിയത്.

--------------------


ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ മഴയെ തുടർന്ന് ഇടിഞ്ഞുവീണ മതിൽക്കെട്ടുകൾ ഉടൻ പുനർനിർമ്മിക്കും. ഇതിനായി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

പി.എസ് പ്രശാന്ത്

തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്

Advertisement
Advertisement