പെയ്‌ത്തുവെള്ളത്തിൽ കരകയറാതെ ജനം

Saturday 01 June 2024 12:19 AM IST

കൊല്ലം: ഒരാഴ്ച തോരാതെ പെയ്ത മഴ അൽപ്പം ശമിച്ചെങ്കിലും മഴ തീർത്ത ദുരിതത്തിൽ നിന്ന് കരകയറാനാകാതെ ജനങ്ങൾ. താഴ്ന്ന പ്രദേശങ്ങളും റോഡുകളുമെല്ലാം വെള്ളത്തിലാണ്. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ എന്നിവിടങ്ങളിൽ 20 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

1120 കുടുംബങ്ങളിലെ 2273 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ജില്ലയിൽ പുതിയ ക്യാമ്പുകൾ തുറന്നിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ മൂന്ന് വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു.

കിഴക്കേ കല്ലട തെക്കേ മുറിയിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. ചിറ്റുമല കിഴക്ക് അനിൽ ഭവനിൽ അനിൽ കുമാറിന്റെ വീടിനോട് ചേർന്നാണ് ഇന്നലെ മണ്ണിടിഞ്ഞത്. തെക്കേമുറി ബിബിൻ നിവാസിൽ ബാബുവിന്റെ വീടിനോട് ചേർന്ന മല ഇടിഞ്ഞുവീണ് വഴി ഉൾപ്പെടെ തടസപ്പെട്ടു. കൊച്ചുപ്ലാമൂട് - കുറത്തറ റോഡിൽ മലയിടിഞ്ഞതിനെ തുടർന്ന് മരങ്ങൾ വീണ് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു.

കരുനാഗപ്പള്ളിയിൽ കേശവപുരം ഹരിജൻ കോളനി, പള്ളിക്കൽ പാടവും സമീപ പ്രദേശങ്ങളും, പാലംമൂട്ട് മുക്കിന് കിഴക്കുവശം കലാവിലാസിനി വായനാശാലയ്ക്ക് സമീപത്തും വെള്ളക്കെട്ടിന് മാറ്റമില്ല. കന്നേറ്റി, കുറ്റിവട്ടം, കന്നിട്ടക്കടവ്, മാവേലി, പൊന്മന, ചിറ്റൂർ, കൊറ്റംകുളങ്ങര, മരുത്തടി, മലനട എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്.

Advertisement
Advertisement