ഫസ്റ്റ് ബെല്ലിൽ 'തിളങ്ങണം' സ്കൂളുകൾ

Saturday 01 June 2024 12:26 AM IST

കൊല്ലം: സ്‌കൂൾ തുറപ്പിന് മുൻപ് ശുചീകരണവും കൊതുക് നശീകരണവും ഉൾപ്പടെയുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ്. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ക്ലാസ് മുറികൾ തുറന്ന് പൊടിയും മാറാലയും മാറ്റി വൃത്തിയാക്കണം. പരിസരത്തെ പുൽച്ചെടികൾ, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുകയും വേണം.
എലി, പാമ്പ്, വവ്വാൽ എന്നിവയുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. കൊതുക് പ്രജനന കേന്ദ്രങ്ങളുണ്ടെങ്കിൽ നശിപ്പിക്കണം. ടെറസ്, സൺഷെയ്ഡ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്ത് വെള്ളം ഒഴുക്കിക്കളയണം. ചെടിച്ചട്ടികളുടെ അടിയിലെ പാത്രം, വാട്ടർ കൂളറുകൾ, എ.സി എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കണം.

എല്ലാ വെള്ളിയാഴ്ചയും ഉറവിട നശീകരണത്തിന് ഡ്രൈ ഡേ ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി.

നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
 കിണറുകൾ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്ത് മൂടി സ്ഥാപിക്കണം

 വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, ഫിൽട്ടറുകൾ എന്നിവ വൃത്തിയാക്കണം

 കിണർ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം

 കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌‌ലെറ്റ് ഉറപ്പാക്കണം

 സാനിറ്ററി നാപ്കിനുകൾ ശാസ്ത്രീയമായി സംസ്‌കരിക്കണം

 പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ്

പുകയില വിരുദ്ധ മുന്നറിയിപ്പ് ബോർഡുകളും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും സ്‌കൂളിൽ പ്രദർശിപ്പിക്കണം.

ആരോഗ്യവകുപ്പ് അധികൃതർ

Advertisement
Advertisement