ജീവനെടുത്ത് ഷവർമ്മ: ജി​ല്ലയി​ൽ 15 കടകൾക്ക് പൂട്ട്

Saturday 01 June 2024 12:32 AM IST

കൊല്ലം: ജില്ലയിൽ അഞ്ച് മാസത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 230 കടകളിൽ നടത്തിയ ഷവർമ്മ പരിശോധനയിൽ പിഴയായി ഈടാക്കിയത് 1.86 ലക്ഷം രൂപ. 15 കടകൾ പൂട്ടിച്ചു. 55 കടകൾക്ക് നോട്ടീസ് നൽകി.

ഷവർമ്മ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ ഈടാക്കിയത്. ലേബൽ പതിക്കാതെ പാഴ്‌സൽ വിൽപ്പന നടത്തിയതിന് 14 കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. പരവൂരിൽ രണ്ടുമാസം മുൻപ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച അഞ്ച് വയസുകാരന്റെ സഹോദരന് ഷിഗല്ലെ റിപ്പോർട്ട് ചെയ്തിരുന്നു. ഷവർമ്മ കഴിച്ചതിൽ നിന്നാണ് ഷിഗല്ലെ ബാധിച്ചതെന്ന് കണ്ടെത്തി. മഴക്കാലത്ത് ഭക്ഷ്യ വിഷബാധകൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കാനുള്ള നീക്കത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

വി​ല്ലനായി​ മയോണൈസ്

 ഷവർമ്മയി​ലും വില്ലനാകുന്നത് മയോണൈസ്

 പാസ്ചുറൈസ് ചെയ്ത മുട്ട ഉപയോഗിച്ചേ മയോണൈസ് നിർമ്മിക്കാവു എന്നാണ് ആരോഗ്യ വകുപ്പി​ന്റെ നി​ർദ്ദേശം

 എന്നാൽ പച്ചമുട്ടയാണ് വ്യാപകമായി​ ഉപയോഗി​ക്കുന്നത്

 ഷവർമ്മ പാഴ്‌സൽ നൽകുമ്പോൾ സമയപരി​ധി​ സംബന്ധി​ച്ച ലേബൽ പതിക്കാറില്ല

 നിശ്ചിത സമയം കഴിയുമ്പോൾ മയൊണൈസ് ജീവന് ഭീഷണി​യാകും

അഞ്ച് മാസത്തി​നി​ടെ പി​ഴ

1.86 ലക്ഷം

ആവി​യായി മാർഗനിർദ്ദേശങ്ങൾ
 കാറ്റും പൊടിയും കയറുന്ന രീതിയിൽ തുറന്ന സ്ഥലങ്ങളിൽ ഷവർമ്മ കോണുകൾ സ്ഥാപിക്കരുത്

 ഷവർമ്മ തയ്യാറാക്കുന്നവർ ശുചിത്വം പാലിക്കുകയും മെഡിക്കൽ ഫിറ്റ്‌നസ് നേടുകയും വേണം
 ഷവർമ്മയ്ക്ക് ഉപയോഗിക്കുന്ന മാസം പഴകിയതാകാൻ പാടില്ല.

മയോണൈസ് രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ ഊഷ്മാവിൽ വയ്ക്കരുത്. ഷവർമ്മ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി അണു വിമുക്തമായിരിക്കണം. പാകം ചെയ്ത സമയം മുതൽ ഒരു മണിക്കൂർ വരെ ഉപയോഗിക്കാമെന്ന് പാഴ്സലി​ൽ രേഖപ്പെടുത്തണം.

ആരോഗ്യവകുപ്പ് അധികൃതർ

Advertisement
Advertisement