തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

Saturday 01 June 2024 8:36 AM IST

തൊടുപുഴ: സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശിയായ ബികറാം കഡ്രകയാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഒഡീഷ സ്വദേശികളായ സുഭാകര്‍ കഡ്രക(20), റോമഷ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുഭാകറാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇരുവരെയും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞറുക്കുറ്റിയ്‌ക്കും കുന്നത്തിനും ഇടയിലെ വളവിലായിരുന്നു അപകടം.

തൊഴുപുഴ- വണ്ണപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാഴി എന്ന സ്വകാര്യ ബസാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന തൊഴിലാളികളെ ഇടിച്ചത്. തൊഴിലാളികളില്‍ ഒരാള്‍ ചെവിയില്‍ ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ടുകൊണ്ട് വരികയായിരുന്നു. മൂവരും റോഡിന്റെ ഇടതുവശം ചേര്‍ന്നാണ് നടന്നത്. റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി തൊഴിലാളികള്‍ റോഡിലേക്ക് കയറി നടന്നു. ഈ സമയം വേഗത്തില്‍ വളവ് തിരിഞ്ഞെത്തിയ ബസ് മൂവരെയും പിന്നില്‍ നിന്ന് ഇടിക്കുകയായിന്നെന്നാണ് വിവരം.

ഓടിക്കൂടിയ നാട്ടുകാരാണ് തൊഴിലാളികളെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ബികറാം മരിച്ചിരുന്നു. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ സുഭാകറിനെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ബസ് അധികൃതര്‍ ഇതിനോട് സഹകരിക്കാതിരുന്നത് പ്രതിഷേധത്തിനും വാക്കേറ്റത്തിനും കാരണമായി.

പിന്നീട് ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ കോലഞ്ചേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്നുപേരും ഞറുകുറ്റിയിലെ സ്വകാര്യ തറയോട് നിര്‍മാണ സ്ഥാപനത്തിലെ തൊഴിലാളികളാണ്. ഒരു മാസം മുമ്പാണ് ജോലിക്കായി ഇവര്‍ ഞറുകുറ്റിയില്‍ എത്തിയത്. സംഭവത്തില്‍ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച തൊഴിലാളിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടക്കും.

Advertisement
Advertisement