ഇന്നും കനത്ത മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ശംഖുമുഖത്ത് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

Saturday 01 June 2024 10:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ട് ജനങ്ങളോട് അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുളളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.

ശംഖുമുഖത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം ശംഖുമുഖത്ത് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മീൻപിടിക്കാൻ പോയ ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് രണ്ടംഗ സംഘം മീൻപിടിക്കാനായി കടലിലേക്ക് പോയത്. ഒപ്പമുണ്ടായിരുന്ന വിൻസന്റ് എന്ന തൊഴിലാളി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ മഹേഷിനായുളള തിരച്ചിൽ തുടരുകയാണ്.

ഇടുക്കിയിൽ ശക്തമായ മഴ

ഇടുക്കിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കനത്ത മഴയാണ് പെയ്തത്. തുടർന്ന് വെള്ളിയാമറ്റം പഞ്ചായത്തിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റുകയാണ്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് വെള്ളിയാമറ്റത്ത് തുറന്ന് പ്രവർത്തിക്കുന്നത്. പന്നിമറ്റം എൽ പി സ്കൂളിലും വെള്ളിയാമറ്റം ഹയർസെക്കൻഡറി സ്കൂളിലുമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇവിടേക്ക് നാല് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

മുവാറ്റുപുഴ തോട്, പുഴ, ആറുകളുടെ തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തൊടുപുഴയിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. പ്രദേശം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു.

അതേസമയം, കോട്ടയത്ത് കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടായി. നഗര മേഖലയായ വടവാതൂരിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത്. 100 മില്ലിമീറ്റർ ആണ് വടവാതൂരിൽ രേഖപ്പെടുത്തിയ മഴ. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇരുനദികളുടെയും തീരത്തുള്ള ജനങ്ങൾക്ക് ജില്ലാ ഭരണകൂടം നൽകിയ ജാഗ്രത നിർദ്ദേശം തുടരുകയാണ്. കോട്ടയം മെഡിക്കൽ കോളേജിന്റെ ട്രോമാ ഐസിയുവിന്റെ സമീപം വരെ രാത്രി പെയ്ത മഴയിൽ വെള്ളം കയറിയിരുന്നു. കോഴിക്കോട്ടും കനത്ത മഴയെ തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. കല്ലാനോട് കക്കയം ഇരുപത്തിയെട്ടാം മൈലിൽ മണ്ണിടിഞ്ഞ് കോഴി ഫാം തകർന്നു.

Advertisement
Advertisement