''പ്രിയപ്പെട്ട പ്രധാനമന്ത്രി ധ്യാനത്തിൽ വിവേകാനന്ദൻ പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്, പുതിയ ബോധവുമായി തിരിച്ചുവരിക''

Saturday 01 June 2024 10:40 AM IST

കന്യാകുമാരിയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. മോദിയുടെ ഗാന്ധി പരാമർശത്തിലാണ് പേരടിയുടെ പരിഹാസം. ഒരു മനുഷ്യനെ ജീ എന്ന് ആദ്യം വിളിക്കുന്നത് ഗാന്ധിജിയെ ആയിരുന്നു. വിവേകാനന്ദ പാറയിലെ ധ്യാനം നല്ലതാണ്..ഇന്നത്തെ ധ്യാനത്തിൽ വിവേകാനന്ദൻ നിങ്ങൾക്ക് പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്..ആരായിരുന്നു എന്ന്..പുതിയ ബോധവുമായി തിരിച്ചുവരിക..ധ്യാനബോധാശംസകൾ എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

എഴുത്തിന്റെ പൂർണരൂപം-

''ഞാൻ 1969ൽ കോഴിക്കോട് ബിച്ച് ആശുപത്രിയിലാണ് ജനിച്ചത്...എന്റെ ഓർമ്മകൾ എപ്പോഴാണ് തുടങ്ങിയത് എന്ന് എനിക്കോർമ്മയില്ല..ജനിതക ശാസത്ര പ്രകാരം ഏതാണ്ട് നാല് വയസുമുതലായിരിക്കണം..1973 മുതൽ...അന്ന് മുതൽ എനിക്ക് ഈ മനുഷ്യനെ അറിയാം...വട്ട കണ്ണടയും നീളമുള്ള വടിയും ഒറ്റമുണ്ടും ചിരിക്കുന്ന മുഖവും കണ്ടാൽ അത് സ്വാതന്ത്ര്യമാണെന്ന ഓർമ്മപ്പെടുത്തലിന്റെ ആദ്യത്തെ രാഷ്ട്രിയ പാഠം...തോക്കും കത്തിയും കഠാരയും ഭീകരവാദമാണെന്ന് പഠിപ്പിച്ച ആദ്യത്തെ അധ്യായം...ഒരു മനുഷ്യനെ ജീ എന്ന് ആദ്യം കുട്ടി വിളിക്കുന്നത് ഈ മനുഷ്യനെയായിരുന്നു..അതുകൊണ്ട് തന്നെ 1982ൽഗാന്ധി സിനിമ സ്കൂളിൽ നിന്ന് കൂട്ടുകാരോടും അദ്ധ്യാപകരോടും ഒപ്പം ചേർന്ന് തിയറ്ററിൽ ഇരുന്നു കാണുമ്പോൾ അത് ഞാൻ അറിഞ്ഞ ചരിത്രത്തിലൂടെയുള്ള ഒരു യാത്ര മാത്രമായിരുന്നു എനിക്ക്...അതുകൊണ്ട് പ്രിയപ്പെട്ട പ്രധാനമന്ത്രി..വിവേകാനന്ദ പാറയിലെ ധ്യാനം നല്ലതാണ്..ഇന്നത്തെ ധ്യാനത്തിൽ വിവേകാനന്ദൻ നിങ്ങൾക്ക് പറഞ്ഞുതരും ഗാന്ധിജി ആരാണെന്ന്..ആരായിരുന്നു എന്ന്..പുതിയ ബോധവുമായി തിരിച്ചുവരിക..ധ്യാനബോധാശംസകൾ''.

ധ്യാനം ഇന്ന് അവസാനിക്കും

കന്യാകുമാരി:പ്രധാനമന്ത്രി മോദി വിവേകാനന്ദപാറയിൽ ധ്യാനം തുടങ്ങിയെങ്കിലും അത് തുടർച്ചയായ ധ്യാനമോ, പ്രാർത്ഥനയോ, അഖണ്ഡ ജപമോ ഒന്നുമല്ല.

വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി ഭൂമി വന്ദനം,സമുദ്രവന്ദനം, സന്ധ്യാവന്ദനം എന്നിവയും തുടർന്ന് വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥനയും പൂജയും നടത്തി. രാത്രി എട്ടുമണിയോടെ ധ്യാനം തുടങ്ങി. പ്രതിഷ്ഠയ്ക്ക് മുന്നിൽ ഒരുക്കിയ പീഠത്തിൽ ഇരുന്നായിരുന്നു ധ്യാനം. പിന്നീട് ഉറക്കത്തിനായി ഒരുക്കിയ മുറിയിലേക്ക് പോയി.

ഇന്നലെ രാവിലെ സൂര്യവന്ദനം,108 ഗായത്രി ജപം യോഗ എന്നിവയ്ക്ക് ശേഷം പ്രഭാതഭക്ഷണം കഴിച്ചു. പിന്നെയായിരുന്നു ധ്യാനം. 45മണിക്കൂർ ധ്യാനം എന്നത് ഊണും ഉറക്കവും ഉപേക്ഷിച്ച് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാതെയുള്ള തപസല്ല. ഈ സമയത്ത് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ധ്യാനം മാത്രം. കഴിക്കുന്നത് പഴങ്ങളും വെള്ളവും പഞ്ചഗവ്യവും കരിക്കിൻ വെള്ളവും.

അതേസമയം, പ്രധാനമന്ത്രി മറ്റൊന്നിലും വ്യാപൃതനാകാതെ മനസിനെ ധ്യാനത്തിലൂടെയും ശരീരത്തെ യോഗയിലൂടെയും ഊർജ്ജഭരിതമാക്കുന്നുവെന്ന പ്രത്യേകതയുണ്ട്. മോദി ആരുമായും സംസാരിക്കുന്നില്ല. ആരേയും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം ചിന്തയിലും ജപത്തിലും മാത്രമാണ്.

ശക്തമായ സുരക്ഷാകവചമാണ് വിവേകാനന്ദപാറയിൽ. നേവിയുടേയും എസ്.പി.ജിയുടേയും വ്യോമസേനയുടേയും സുരക്ഷയുണ്ട്. വിവേനന്ദകേന്ദ്രത്തിലേക്ക് ആരേയും കടത്തിവിടുന്നില്ല. ആരും പുറത്തേക്കും വരുന്നില്ല.വിവേകാനന്ദ കേന്ദ്രത്തിലേക്കുള്ള കവാടമായ വാവാതുറൈ പൊലീസ് നിരീക്ഷണത്തിലാണ്.

ധ്യാനം ഇന്ന് വൈകിട്ട് മൂന്നരയോടെ സമാപിക്കും. പിന്നീട് ബോട്ടിൽ കന്യാകുമാരിയിലെത്തുന്ന മോദി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് അഞ്ചരയ്ക്ക് വിമാനത്തിൽ ഡൽഹിക്കും തിരിക്കും. സുരക്ഷാ ജീവനക്കാരും ഏതാനും പേഴ്സണൽ സ്റ്റാഫംഗങ്ങളും മാത്രമാണ് ഒപ്പമുള്ളത്.

Advertisement
Advertisement