ഒരു കാര്യം അറിഞ്ഞതോടെ വിവാഹം കൊച്ചിയിൽ വേണ്ടെന്ന് ഉത്തരേന്ത്യൻ വ്യവസായി തീരുമാനിച്ചു; നഷ്ടം നാലരക്കോടി

Saturday 01 June 2024 4:54 PM IST

കൊച്ചി: ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനുള്ള തീരുമാനം ബാർക്കോഴ വിവാദത്തിൽ മുങ്ങുമെന്ന ആശങ്കയിൽ ടൂറിസംമേഖല. വൻകിട സമ്മേളനങ്ങൾ,​ താരപ്പകിട്ടുള്ള വിവാഹങ്ങൾ തുടങ്ങി ടൂറിസത്തിനും സംസ്ഥാനത്തിനാകെയും സാമ്പത്തികനേട്ടം കൈവരാൻ പര്യാപ്തമായ മേഖലകളെക്കൂടി ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണ് കോഴവിവാദത്തിൽ കുടുങ്ങിയത്.

ഒന്നാം തീയതികളിലെ മദ്യവില്പന നിരോധനം പിൻവലിക്കുക, തിരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ അർദ്ധരാത്രിവരെ മദ്യം അനുവദിക്കുക എന്നിവ വർഷങ്ങളായുള്ള ആവശ്യമാണ്. ആഡംബര സഞ്ചാരികളെയും ആഗോള സമ്മേളനങ്ങളെയും ആകർഷിക്കാൻ ഇത് ആവശ്യമാണ്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ, ഭരണതലങ്ങളിൽ പലതവണ ചർച്ചകളും നടന്നു. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ധാരണ രൂപപ്പെട്ടപ്പോഴാണ് കോഴ ആരോപണം ഉയർന്നത്. ഇതുമൂലം തീരുമാനം വൈകുന്നത് ടൂറിസംമേഖലയെ പിന്നോട്ടടിക്കുമെന്നാണ് ടൂറിസം, ഹോട്ടൽ സംഘടനാ ഭാരവാഹികളും ആഗോള സമ്മേളനങ്ങളുടെ സംഘാടകരും ആശങ്കപ്പെടുന്നത്.

ടൂറിസത്തിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും നയംമാറ്റം ആവശ്യമാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട സംരംഭകർ പറയുന്നു. ബാറുകൾക്ക് മാത്രമല്ല, ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, ടൂറിസ്റ്റ് ടാക്സികൾ തുടങ്ങിയവയ്ക്കും നയംമാറ്റത്തിന്റെ നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നയംമാറാത്തതിന്റെ പൊല്ലാപ്പ്

കൊച്ചി തുറമുഖത്ത് വിദേശികളുമായി ഈയിടെ ഒരു കപ്പൽ എത്തിയത് ഒന്നാം തീയതി. കൊച്ചിയിലും പരിസരത്തും ഒരുദിവസത്തെ സഞ്ചാരം ഇവർക്കായി ഒരുക്കിയിരുന്നു. ചൂടുകാലത്ത് ഒരു ബിയറെങ്കിലും ലഭിക്കാൻ സഞ്ചാരികൾ കെഞ്ചുകയായിരുന്നു.

കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടൽ വടക്കേയിന്ത്യൻ വ്യവസായി വിവാഹാഘോഷത്തിന് തിരഞ്ഞെടുത്തു. നാലുദിവസം നീളുന്ന ചടങ്ങുകളാണ്. രാത്രി വൈകിയും ആഘോഷമുണ്ട്. ആഘോഷദിവസങ്ങളിൽ ഒരെണ്ണം ഒന്നാം തീയതി. അന്നു മദ്യം നൽകാനാവില്ലെന്ന് അറിയിച്ചതോടെ വ്യവസായി പിൻവാങ്ങി. നാലുകോടി രൂപ തങ്ങൾക്കു മാത്രം ലഭിക്കേണ്ടിയിരുന്ന വിവാഹമാണ് വഴിമാറിയതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.

Advertisement
Advertisement