അദ്ധ്യാപകർ മക്കളെ ചേർക്കുന്ന മുതലിമാരൻ സർക്കാർ സ്‌കൂൾ

Sunday 02 June 2024 12:00 AM IST

കാപ്പിസെറ്റ് (വയനാട്): കാപ്പിസെറ്റ് മുതലിമാരൻ സർക്കാർ സ്‌കൂൾ ഒരപൂർവ മാതൃകയാണ്. 26 അദ്ധ്യാപകർ. അവരിൽ 19 പേരുടെ മക്കളായ മുപ്പതോളം കുട്ടികളും ഇവിടെയാണ് പഠിക്കുന്നത്! ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിൽ അദ്ധ്യാപകരുടെ മക്കളുണ്ട്. രാവിലെ വീട്ടിൽ നിന്ന് മക്കളുടെ കൈയും പിടിച്ച് സ്‌കൂളിലേക്ക് വരുന്ന അദ്ധ്യാപകർ.

അദ്ധ്യാപക ദമ്പതികളായ പി.വി. അഭിലാഷും ടി.നിഷ്‌ണയും ഇളയ മകൾ അഹല്യയുമായി കഴിഞ്ഞ ദിവസം സ്കൂളിലെത്തി. അഹല്യയെ എൽ. പിയിൽ ചേർത്തു. മൂത്ത കുട്ടി ആർദ്ര ആറാം ക്ലാസിലുണ്ട്. പിന്നാലെ അദ്ധ്യാപകനായ പി.ജെ. ബൈജു മകൻ ജീവനെയും എൽ.പി സ്കൂൾ അദ്ധ്യാപികമാരായ ശ്രീപിനയും ആശയും മക്കളായ ആദിത്യ അരുൺ,പവിത്ര മനോജ് എന്നിവരെയും ഇവിടെ ചേർത്തു. സർക്കാർ സ്‌കൂളുകളിൽ ശമ്പളം വാങ്ങുന്ന അദ്ധ്യാപകർ മക്കളെ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളുകളിൽ പഠപ്പിക്കുന്ന കാലത്താണിത്.

പുതിയ അഡ്മിഷന് വരുന്നവരെ പ്രധാനദ്ധ്യാപകൻ ടി.പി.സദനും മറ്റ് അദ്ധ്യാപകരും രണ്ട് കൈയും നീട്ടി വരവേൽക്കുന്നു. അതും മനോഹര കാഴ്ച.

ആദിവാസി മൂപ്പന്റെ സ്‌മാരകം

പുൽപ്പളളിയിലെ കുടിയേറ്റ പിന്നാക്ക മേഖലയായ കാപ്പിസെറ്റിൽ സ്കൂൾ തുടങ്ങാൻ മുന്നിട്ടിറങ്ങിയത് ആദിവാസി മൂപ്പനായ മുതലിമാരനായിരുന്നു. അഞ്ച് ഏക്കർ ഭൂമിയാണ് മൂപ്പൻ സ്‌കൂളിനായി ദാനം ചെയ്തത്. അദ്ദേഹത്തിന്റെ പേരാണ് സ്‌കൂളിന്.

എൽ.പി മുതൽ ഹൈസ്കൂൾ വരെ 670 കുട്ടികൾ.160 പേർ എസ്.ടി. വിഭാഗം. . 2011ലാണ് ഹൈസ്കൂൾ ആരംഭിക്കുന്നത്. നാല് വർഷമായി 100% വിജയം.

Advertisement
Advertisement