അവയവക്കടത്ത്: ഹൈദരാബാദിലെ മുഖ്യസൂത്രധാരൻ കേരള പൊലീസിന്റെ പിടിയിൽ

Saturday 01 June 2024 10:53 PM IST
ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപൻ)

ആലുവ: ഇറാൻ അവയവക്കച്ചവട റാക്കറ്റിലെ, ഹൈദരാബാദ് കേന്ദ്രമായ സംഘത്തിന്റെ മുഖ്യസൂത്രധാരൻ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദിനെ (പ്രതാപൻ -41) കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്. രണ്ടു മലയാളികൾ നേരത്തേ അറസ്റ്റിലായിരുന്നു.

ഹൈദരാബാദ്, വിജയവാഡ മേഖലയിലെ വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് രാം പ്രസാദ്. രാഷ്ട്രീയ സ്വാധീനം മനസിലാക്കിയ അന്വേഷണ സംഘം അതീവരഹസ്യമായാണ് അറസ്റ്റ് ചെയ്തത്. നടപടികൾ പൂർത്തിയാക്കിയശേഷമാണ് ഹൈദരാബാദ് പൊലീസിനെ അറിയിച്ചത്.

കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറണ്ട് വാങ്ങി ആലുവയിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിലെ നിരവധി ഗ്രാമീണരെ രാം പ്രസാദ് അവയവക്കച്ചവടത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം.

തൃശൂർ വലപ്പാട് എടമുട്ടം കോരുക്കുളത്ത് വീട്ടിൽ സാബിത്ത് നാസർ (30), കളമശേരി ചങ്ങമ്പുഴ നഗർ തൈക്കൂട്ടത്തിൽ സജിത്ത് ശ്യാംരാജ് (43) എന്നിവരാണ് നേരത്തെ പിടിയിലായത്.

അവയവങ്ങൾ വിറ്റതും വാങ്ങിയതും ഇന്ത്യക്കാർ മാത്രമാണെന്നാണ് പ്രതികളുടെ മൊഴി. ഇറാൻ, കമ്പോഡിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ എത്തിച്ചാണ് അവയവമാറ്റം നടത്തിയത്. ഈ രാജ്യങ്ങളിൽ നിയമം അനുകൂലമാണ്. ഇരകളിൽ പൊള്ളാച്ചിയിൽ സ്ഥിരതാമസമാക്കിയ ഷെമീർ മാത്രമാണ് മലയാളി. ജമ്മുകാശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അതിസമ്പന്നരാണ് അവയവം സ്വീകരിച്ചത്.

വൃക്ക വിൽക്കാൻ ഇറങ്ങി

ഇടനിലക്കാരനായി

സാബിത്ത് നാസറിനെ പോലെ രാം പ്രസാദും വൃക്ക വിൽക്കാൻ ശ്രമിച്ച് മുഖ്യഇടനിലക്കാരനായി മാറുകയായിരുന്നു. ഇടനിലക്കാരനായ എറണാകുളം സ്വദേശി മധുവിനെയാണ് ബന്ധപ്പെട്ടത്. വൈദ്യ പരിശോധനയിൽ അസുഖം കണ്ടെത്തിയതിനാൽ വൃക്ക വില്പന നടന്നില്ല. തുടർന്ന് മധുവിനൊപ്പം ചേർന്നു. അവയവം ആവശ്യമുള്ളവരെയും ഇരകളെയും കണ്ടെത്തുന്നത് രാം പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പിന്നീട് ഇറാനിലേക്ക് കയറ്റിവിടും. മധുവും സാബിത്തുമാണ് ഇറാനിലെ കാര്യങ്ങൾ ചെയ്യുന്നത്. ആശുപത്രിച്ചെലവായ പത്ത് ലക്ഷം രൂപകഴിച്ച് ബാക്കി തുക വീതിച്ചെടുക്കും. മധു ഇപ്പോഴും ഇറാനിലെന്നാണ് സൂചന.

കേരളത്തിലെ ആശുപത്രി

സംശയ നിഴലിൽ
കേരളത്തിലെ ഒരു ആശുപത്രിയും സംശയനിഴലിൽ. വൃക്കയും മറ്റും വിൽക്കാൻ താത്പര്യമറിയച്ച് എത്തുന്നവരിൽ ചിലരുടെ ആരോഗ്യപരിശോധന ഈ ആശുപത്രിയിലാണ് നടന്നത്.

Advertisement
Advertisement