അഷ്ടമുടി കായലിനായി ഹൈക്കോടതിയിൽ ഹർജി

Sunday 02 June 2024 12:53 AM IST

കൊല്ലം: അഷ്ടമുടി കായൽ മലിനീകരണത്തിനും കൈയേറ്റത്തിനും തീരത്തുള്ള കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിനുമെതിരെ കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ബോറിസ് പോൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കൊല്ലം കോർപ്പറേഷനും തീരത്തുള്ള 12 പഞ്ചായത്തുകൾക്കും നോട്ടീസ് അയച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജെ.അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് ഈമാസം 5ന് ഹർജി വീണ്ടും പരിഗണിക്കും. അഷ്ടമുടി കായൽ ഗുരുതരമായ മലിനീകരണം നേരിടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൈയേറ്റങ്ങൾ കായലിന്റെ തീരത്തുള്ള കണ്ടൽ മരങ്ങളുടെ നാശത്തിനും ഇടയാക്കുന്നു. സമീപത്തെ ആശുപത്രികൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം വ്യാപകമായി കായലിലേയ്ക്ക് എത്തുന്നു. ആശുപത്രികളിൽ നിന്ന് ബയോ മെഡിക്കൽ വേസ്റ്റ് അടക്കം കായലിലേക്ക് തള്ളുന്നതായും ഹർജിയിൽ പറയുന്നു.

Advertisement
Advertisement