അവയവം മാറി ശസ്ത്രക്രിയ ഡോക്ടർക്ക് പിഴവ് സംഭവിച്ചു മെഡിക്കൽ ബോർഡ് റിപ്പോർട്ട്

Saturday 01 June 2024 10:54 PM IST

കോഴിക്കോട്: മെഡി. കോളേജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോ.ബിജോൺ ജോൺസന് പിഴവു സംഭവിച്ചതായി മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചു. കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ചികിത്സാപ്പിഴവാണെന്ന് മെഡിക്കൽ ബോർ‌ഡ് പൊലീസിന് കെെമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഡി.എം.ഒ കൺവീനറായ അഞ്ചംഗ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് റിപ്പോർട്ട് കൈമാറിയത്. അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു പൊലീസിന്റെയും കണ്ടെത്തൽ. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡി.കോളേജ് എ.സി.പി കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയമായ കുട്ടിയുടെ ചികിത്സാരേഖകൾ, ഡ്യൂട്ടി രജിസ്റ്റർ, ശസ്ത്രക്രിയ നടത്തിയ ഡോക്ടറും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരും പൊലീസിന് നൽകിയ മൊഴി, പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് തുടങ്ങിയവ പരിശോധിച്ചശേഷമാണ് മെഡിക്കൽ ബോർഡ് പൊലീസിനു റിപ്പോർട്ട് കെെമാറിയത്. മേയ് 16 നാണ് കൈവിരലിന് ചികിത്സയ്ക്കെത്തിയ ചെറുവണ്ണൂർ മധുരവനം സ്വദേശിയായ കുട്ടിക്ക് നാവിലെ കെട്ട് മാറ്റാനായി ശസ്ത്രക്രിയ നടത്തിയത്. തെറ്റു പറ്റിയിട്ടില്ലെന്നും കുട്ടിയുടെ നാവിൽ കെട്ട് കണ്ടപ്പോൾ ശസ്ത്രക്രിയ നടത്തി എന്നുമായിരുന്നു ഡോക്ടർ പൊലീസിനു നൽകിയ മൊഴി.

Advertisement
Advertisement