സി.വി.പത്മരാജൻ മുഖ്യമന്ത്രിയാകാതിരുന്നത് കേരളത്തിന്റെ വലിയ നഷ്ടം: വി.എം.സുധീരൻ

Sunday 02 June 2024 12:55 AM IST

കൊല്ലം: സി.വി.പത്മരാജൻ മുഖ്യമന്ത്രിയാകാതിരുന്നത് കേരളത്തിന്റെ വലിയ നഷ്ടമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് സി.വി.പത്മരാജന്റെ വിവിധ കർമ്മ മേഖലകളിലെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് 50 ഓളം പേർ എഴുതിയ കുറിപ്പുകളടങ്ങിയ പത്മരാഗം എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സമർത്ഥനായ അഭിഭാഷകനും പ്രഗത്ഭനായ സഹകാരിയും മികച്ച പാർലമെന്റേറിയനും ഭരണപാടവം തെളിയിച്ച ഭരണാധികാരിയുമായിരുന്നു സി.വി.പത്മരാജൻ. അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ ജനകീയ പ്രശ്നങ്ങളുമായി സമീപിക്കുന്ന എം.എൽ.എമാർ സംതൃപ്തരായാണ് മടങ്ങിയിട്ടുള്ളത്. സി.വി.പത്മരാജൻ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോഴാണ് ബൂത്ത് തലം മുതൽ കോൺഗ്രസിനെ ശക്തിപ്പെടുത്തിയത്. ക്രാന്തദർശിയായ നേതാവാണ് അദ്ദേഹം. സി.വി.പത്മരാജന്റെ നിയമസഭ പ്രസംഗങ്ങൾ പലതും ത്രസിപ്പിക്കുന്നതായിരുന്നു. കരുണാരൻ മന്ത്രിസഭയ്ക്കെതിരെ വന്ന അവിശ്വാസ പ്രമേയവും കരുണാകരന്റെ മുംബയ് യാത്രാ വിവാദവും പൊളിച്ചടുക്കിയത് സി.വി.പത്മരാജന്റെ നിയമസഭ പ്രസംഗങ്ങളാണ്. എല്ലാ വിഷയങ്ങളും പഠിച്ചാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. പ്രൈവറ്റ് സെക്രട്ടറിമാർ എഴുതുന്ന കുറിപ്പുകൾക്ക് താഴെ ഒപ്പിടുന്ന മന്ത്രിയായിരുന്നില്ല അദ്ദേഹം. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് കൃത്യമായ അഭിപ്രായവും നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.

യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പുസ്തകം ഏറ്റുവാങ്ങി. കൊല്ലം ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. ഡോ. എം.ആർ. തമ്പാൻ പുസ്തകാവതരണം നടത്തി. പുസ്തക പ്രസാധകരായ സദ്ഭാവന ട്രസ്റ്റിന്റെ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എം.മുകേഷ്, എം.നൗഷാദ്, മുൻ മന്ത്രി പി.കെ.ഗുരുദാസൻ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ ഇ.ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. സി.വി.പത്മരാജൻ മറുപടി പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.ബേബിസൺ സ്വാഗതവും പുസ്തകത്തിന്റെ എഡിറ്റർ എസ്.സുധീശൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement