സി.എം.ആർ.എല്ലിൽ 103 കോടിയുടെ കള്ളക്കണക്കെന്ന് ആർ.ഒ.സി

Sunday 02 June 2024 3:17 AM IST

ന്യൂഡൽഹി: മാസപ്പടി ആരോപണക്കേസിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ(സി.എം.ആർ.എൽ) 103.02 കോടി രൂപയുടെ കള്ളക്കണക്ക് രജിസ്ട്രാർ ഒഫ് കമ്പനി(ആർ.ഒ.സി) കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച തത്‌സ്ഥിതി റിപ്പോർട്ടിൽ അറിയിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷമേ പ്രോസിക്യൂഷൻ നടപടി വേണമോ എന്ന് തീരുമാനിക്കൂവെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

ഇ.ഡി, എസ്.എഫ്.ഐ.ഒ അന്വേഷണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജിയിലാണ് ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട്. കേസ് ജൂലായ് 29ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

2012 മുതൽ 2019വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ചെളിനീക്കം, ഗതാഗത ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ 103.02 കോടി രൂപയുടെ കള്ളക്കണക്ക് കാണിച്ചെന്നാണ് രജിസ്ട്രാർ ഒഫ് കമ്പനി കണ്ടെത്തിയത്.

2012-13 വർഷത്തിൽ 10.60 കോടി, 2013-14 ൽ 15.24 കോടി, 2014-15 ൽ 17.87 കോടി, 2015-16 ൽ 21.89കോടി, 2016-17 ൽ 13.27 കോടി, 2017-18ൽ 13.03 കോടി, 2018-19ൽ 11.15 കോടി എന്നിങ്ങനെയാണ് സി.എം.ആർ.എല്ലിന്റെ വ്യാജ കണക്കെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ഫണ്ട് ഉപഭോഗം സംബന്ധിച്ച വിശദ അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്നു. ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് ഉത്തരവിട്ടത്. ആദായനികുതി ഇടക്കാല സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതിനാൽ മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന സി.എം.ആർ.എൽ വാദവും ആദായ നികുതി വകുപ്പ് തള്ളി. ഇടക്കാല സെറ്റിൽമെന്റ് ബോർഡ് നടപടികളുമായി അന്വേഷണത്തിന് ബന്ധമില്ല. എസ്.എഫ്.ഐ.ഒ അന്വേഷണം സ്വതന്ത്രമാണ്. അന്വേഷണ ഘട്ടത്തിലെ ഇടപെടൽ അംഗീകരിക്കാനാകില്ല.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഫെബ്രുവരിയിൽ സി.എം.ആർ.എല്ലിൽ റെയ്ഡ് നടത്തിയെന്ന വാദം തെറ്റാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. സി.എം.ആർ.എല്ലിൽ നിന്ന് ചില അധിക രേഖകളും വിവരങ്ങളും ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തത്. ബന്ധപ്പെട്ട രേഖകൾ ആദായനികുതി വകുപ്പ് എസ്.എഫ്.ഐ.ഒയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രാഥമിക നടപടി മാത്രമാണ്. അതിനുശേഷമേ പ്രൊസിക്യൂഷൻ ആവശ്യമാണോയെന്ന് തീരുമാനിക്കൂ. പ്രാഥമിക ഘട്ടത്തിൽ സമർപ്പിക്കുന്ന ഇത്തരം ഹർജികൾ നിലനിൽക്കുന്നതല്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

Advertisement
Advertisement