നാശം വിതച്ച് കനത്ത മഴ

Sunday 02 June 2024 12:02 AM IST
കക്കയം കരിയാത്തൻപാറയിൽ ഉരുൾപൊട്ടിയപ്പോൾ

@ കോഴിക്കോട് ഓറഞ്ച് അലർട്ട്

കോഴിക്കോട്: കനത്തു പെയ്യുന്ന കാലവർഷത്തിൽ ജില്ലയിൽ വ്യാപക നാശവും. മലയോരത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും ഭീതി ഉയർത്തുകയാണ്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയിലും തുടർന്നു. ശക്തമായ മഴയിൽ മിക്കയിടങ്ങളിലും വീടുകളും മതിലും തകർന്നു. ഗതാഗതം തടസപ്പെട്ടു. കക്കയം കരിയാത്തൻപാറയിൽ ഉരുൾപൊട്ടി. ഇരുപത്തെട്ടാംമൈൽ സ്വദേശി മുജീബിന്റെ കോഴി ഫാം തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു മണ്ണിടിച്ചിൽ. മീറ്ററുകളോളം താഴേയ്ക്ക് മണ്ണ് ഒഴുകിയെത്തി കൃഷിനാശമുണ്ടായി. 1500 കോഴി കൂടുകൾ നശിച്ചു. കനത്ത മഴയിൽ നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കുറ്റ്യാടിയിൽ ഇരുട്ടുപിടിച്ച മഴ

കുറ്റ്യാടി: ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കുറ്റ്യാടി ഉൾപ്പെടെ മലയോര പ്രദേശങ്ങളിൽ ഇരുട്ടുപിടിച്ച മഴയായിരുന്നു. ഏകദേശം അര മണിക്കൂർ നേരം രാത്രിയ്ക്ക് സമാനമായി. ക്രമേണ ഇരുട്ട് മാറിയെങ്കിലും കാറ്റും കനത്ത മഴയും ഇടിമിന്നലും തുടർന്നു. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, കുന്നുമ്മൽ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും തുടരുന്നത് ഭീതി ഉയർത്തുകയാണ്. കുറ്റ്യാടി, കൈവേലി തുടങ്ങിയ ടൗണുകളിൽ ക്രമാതീതായി വെള്ളം കയറി. കുറ്റ്യാടി -തൊട്ടിൽ പാലം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ദുഷ്ക്കരമായി, കടകളിൽ വെള്ളം കയറി അവശ്യവസ്തുക്കൾ നശിച്ചു.

ശക്തമായ കാറ്റിന്

സാദ്ധ്യത

മണിക്കൂറിൽ 40 കിലോമീ​റ്റർ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കടലാക്രമണ ഭീഷണിയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കത്തിനും മലയോരത്ത് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാദ്ധ്യതയുണ്ട്.

Advertisement
Advertisement