രണ്ട് നാൾക്കപ്പുറം മനസറിയാം

Sunday 02 June 2024 12:07 AM IST
വോട്ടെണ്ണൽ

കൊല്ലം: ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് വോട്ടെണ്ണലിന് ഇനി രണ്ടുനാൾ മാത്രം ബാക്കി. വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയിൽ വോട്ടെണ്ണലിന് ഒരുക്കിയിരിക്കുന്നത്. തങ്കശേരി സെന്റ് അലോഷ്യസ് ഹൈസ്കൂളാണ് വോട്ടെണ്ണൽ കേന്ദ്രം.

വോട്ടെണ്ണൽ നിരീക്ഷിക്കാൻ രണ്ട് നിരീക്ഷകരെയും ഇലക്ഷൻ കമ്മിഷൻ നിയമിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാക്കിയ ജില്ലയിലെ 18 ലോക് സഭ മണ്ഡലങ്ങളിലെയും ഇ.വി.എം മെഷീനുകളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ കനത്ത സുരക്ഷയിലാണ്.

നാളെ കൗണ്ടിംഗ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടക്കും. ഇതിലേ ഡ്യൂട്ടി എവിടെയെന്ന് അറിയാൻ കഴിയൂ. 1300 ൽ അധികം ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയമിക്കുക. ഇവ‌ർക്ക് ആവശ്യമായ പരിശീലനവും നൽകിക്കഴിഞ്ഞു.

രാവിലെ 8ന് തപാൽ വോട്ടുകളും 8.30 ഓടെ ഇ.വി.എം വോട്ടുകളും എണ്ണാൻ തുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിനും ഒന്നുവീതം കൗണ്ടിംഗ് ഹാളാണ് ഒരുക്കിയിട്ടുള്ളത്. ആകെ എഴ് കൗണ്ടിംഗ് ഹാളുകളാണുള്ളത്. ഓരോ ഹാളിലും 14 ടേബിളികളാണ് സജ്ജമാക്കുക. പരമാവധി 14 റൗണ്ടിൽ ഇ.വി.എം വോട്ടെണ്ണൽ പൂർത്തിയാകും. ഇതിനുശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും നറുക്കിട്ടെടുത്ത അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകൾ എണ്ണും.


വോട്ടെണ്ണൽ 4ന് രാവിലെ 8ന്

 രാവിലെ 8 മുതൽ തപാൽ വോട്ട് എണ്ണിത്തുടങ്ങും

 ക്രമീകരിച്ചിരിക്കുന്നത് 33 ടേബിളുകൾ

 42 കൗണ്ടിംഗ് സൂപ്പർവൈസർ, 84 കൗണ്ടിംഗ് അസിസ്റ്റന്റ്, 42 മൈക്രോ ഒബ്സർവർ എന്നിവരെ ഇതിനായി നിയോഗിക്കും

 ഹോം വോട്ടിംഗ്, ഇ.ടി.പി.ബി.എസ് (സർവീസ് വോട്ടുകൾ), ഉദ്യോഗസ്ഥരുടെ വോട്ടുകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലെ വോട്ടുകളാണ് തപാൽ വോട്ടിൽ വരുന്നത്

 വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചിത മണിക്കൂർ വരെ റീട്ടേണിംഗ് ഓഫീസർക്ക് ലഭിക്കുന്ന എല്ലാ പോസ്റ്രൽ ബാലറ്റുകളും എണ്ണും

ഇ.വി.എം കൗണ്ടിംഗ് സംഘം

ഉദ്യോഗസ്ഥർ - 974 (റിസർവ് ഉൾപ്പടെ)

കൗണ്ടിംഗ് സൂപ്പർവൈസർ - 01

കൗണ്ടിംഗ് അസിസ്റ്റന്റ് - 02

മൈക്രോ ഒബ്സർവർ -1

സുരക്ഷ മൂന്നുതരം

1. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ സുരക്ഷാ വലയത്തിന്റെ ഒന്നാം നിര ആരംഭിക്കും. ഇവിടെ ലോക്കൽ പൊലീസിനൊപ്പം ഒരു മജിസ്ട്രേറ്റും ഉണ്ടാകും.

2. വോട്ടെണ്ണൽ കേന്ദ്രത്തിലെ ഗേറ്റിന് സമീപത്തായിരിക്കും രണ്ടാം നിര. ഇവിടെ സംസ്ഥാന സായുധ പൊലീസ് സുരക്ഷ ഒരുക്കും.

3. വോട്ടെണ്ണൽ ഹാളിന്റെ പ്രവേശന കവാടത്തിന് മുന്നിലാണ് മൂന്നാം നിര. കേന്ദ്ര സായുധ പൊലീസ് സേനയാകും സുരക്ഷ ഉറപ്പാക്കുക.

മൂന്ന് നിരകളിലായി പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.

ജില്ലാ ഭരണകൂടം

Advertisement
Advertisement