രണ്ടിലൊന്ന് അറിയാൻ ഇനി രണ്ടുനാൾ

Sunday 02 June 2024 12:21 AM IST

പാലക്കാട്: കേരളം ഏപ്രിൽ 26ന് എഴുതിയ വിധി ആർക്ക് അനുകൂലമെന്ന് അറിയാൻ ഇനി രണ്ടു നാൾ. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി ഗവ.വിക്ടോറിയ കോളേജിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. വോട്ടെണ്ണലിനായി 2,400ഓളം പേരടങ്ങുന്ന ഉദ്യോഗസ്ഥ പൊലീസ് സംവിധാനമാണ് ഗവ. വിക്ടോറിയ കോളേജിൽ സജ്ജീകരിക്കുന്നത്. വോട്ടെണ്ണലിനായി 900ത്തോളം ഉദ്യോഗസ്ഥരാണുള്ളത്. തിരഞ്ഞെടുപ്പ്, അനുബന്ധ വിഭാഗങ്ങളിലായി 1,100ഓളം പേരും 300ഓളം പൊലീസ് സേനാംഗങ്ങളും സജീവമായി രംഗത്തുണ്ടാവും. സുരക്ഷയ്ക്കായി 50 സി.ആർ.പി.എഫ് ജവാന്മാരുമുണ്ടായിരിക്കും.

 പാലക്കാട് മണ്ഡലത്തിലെ വോട്ടുകൾ കോളേജിലെ പുതിയ ബ്ലോക്കിലും ആലത്തൂർ മണ്ഡലത്തിലെ വോട്ടുകൾ പഴയബ്ലോക്കിലുമാണ് എണ്ണുക.

 വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇരുമണ്ഡലങ്ങളിലെയും 22,700 ഓളം പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക.

 എട്ടുമണിയോടെ ആരംഭിക്കുന്ന പോസ്റ്റൽ വോട്ടുകളുടെ തരംതിരിക്കലിനും എണ്ണലിനുമായി ഇരുമണ്ഡലങ്ങളിലും 20 വീതം മേശകളാണ് സജ്ജീകരിച്ചിട്ടുള്ളത്.  പാലക്കാട് 10,700ഉം ആലത്തൂരിൽ 12,000വും പോസ്റ്റൽ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്.

 പോസ്റ്റോഫീസുകളിൽ നിന്ന് എത്തുന്ന പോസ്റ്റൽ വോട്ടുകൾ നാലിന് രാവിലെ 7:59 വരെ സ്വീകരിക്കും. ഇതുകൂടി കണക്കാക്കിയാൽ മാത്രമേ പോസ്റ്റൽ വോട്ടുകളുടെ യാഥാർത്ഥ കണക്ക് വ്യക്തമാവൂ.

 രാവിലെ എട്ടരയോടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും. പാലക്കാട് ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കായി ഏഴ് വോട്ടെണ്ണൽ ഹാളുകളിലും 14 മേശവീതം 98 മേശ സജ്ജീകരിക്കും. ആലത്തൂർ മണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കായി 11 കൗണ്ടിംഗ് ഹാളുകളിലായി 91 മേശകളും സജ്ജീകരിക്കും. ആദ്യമണിക്കൂറിൽ ട്രെൻഡ് മനസിലാക്കാൻ സാധിക്കും. അന്തിമ ഫലസൂചന ഉച്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വിജയപ്രതീക്ഷയിൽ മുന്നണികൾ

ആലത്തൂരും പാലക്കാടും യു.ഡി.എഫ് ആധികാരിക ജയം നേടും. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് താഴെയിറക്കി 'ഇന്ത്യാ' മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നു ജനം ആഗ്രഹിക്കുന്നു. ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ യു.ഡി.എഫിന് അനുകൂലമാകും. പാലക്കാട് മണ്ഡലത്തിൽ 40,000 വോട്ടുകളുടെ ഭൂരിപക്ഷവും ആലത്തൂരിൽ അരലക്ഷത്തിലധികം ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു.

-എ.തങ്കപ്പൻ, ഡി.സി.സി പ്രസിഡന്റ്.

പാലക്കാടും ആലത്തൂരും ഇടതുമുന്നണി തിരിച്ചുപിടിക്കും. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള ജനപിന്തുണ വോട്ടായി മാറിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് ഇടതുപക്ഷമാണു വേണ്ടതെന്ന് ജനം തിരിച്ചറിഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസിന്റെ പൊള്ളത്തരവും ജനം മനസിലാക്കി. പാലക്കാട്ടെ ഭൂരിപക്ഷം 50,000 കടക്കും. ആലത്തൂരിൽ ഒരു ലക്ഷം കവിയാനും സാദ്ധ്യതയുണ്ട്.

-ഇ.എൻ.സുരേഷ്ബാബു, സി.പി.എം ജില്ലാ സെക്രട്ടറി.


തിരഞ്ഞെടുപ്പു ഫലം ബി.ജെ.പിക്ക് അനുകൂലമാകും. പാലക്കാട്ടെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അടിയൊഴുക്കുകളുണ്ടായി. സി.പി.എം-കോൺഗ്രസ് വോട്ടുകൾ ബി.ജെ.പി പക്ഷത്തേക്ക് ഒഴുകിയിട്ടുണ്ട്. ആലത്തൂരിൽ ബി.ജെ.പി നല്ല മുന്നേറ്റം നടത്തും.

-കെ.എം.ഹരിദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്.

Advertisement
Advertisement