ഹെൽമറ്റിനുള്ളിൽ പെരുമ്പാമ്പ് കയറിയത് അറിഞ്ഞില്ല; തലയിൽ കടിയേറ്റു
കണ്ണൂർ: ഹെൽമറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. പടിയൂർ നിടിയോടിയിലെ കെ രതീഷിനെയാണ് കുട്ടി പാമ്പ് കടിച്ചത്. തലയ്ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വീടീന് മുന്നിൽ നിർത്തിയിട്ട ബൈക്കിലായിരുന്നു യുവാവിന്റെ ഹെൽമറ്റ് വച്ചത്. ഇതിനുള്ളിൽ കുട്ടി പാമ്പ് കയറി. രാവിലെ ജോലിക്ക് പോകാനിറങ്ങിയ യുവാവ് ഇത് ശ്രദ്ധിക്കാതെ ഹെൽമറ്റ് ധരിക്കുകയായിരുന്നു.
തലയിൽ എന്തോ കടിച്ചതായി തോന്നി ഹെൽമറ്റ് അഴിച്ചുനോക്കുകയായിരുന്നു. പാമ്പിനെ കണ്ടതും പേടിയോടെ ഹെൽമറ്റ് നിലത്തേക്ക് എറിഞ്ഞു. പാമ്പ് ഇറങ്ങി പോകുകയും ചെയ്‌തു. ഏത് പാമ്പാണ് കടിച്ചതെന്നും മനസിലായില്ല. പാമ്പ് കടിയേറ്റ വിവരം രതീഷ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ തന്നെ ബന്ധുക്കൾ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ വിഷമില്ലാത്ത പെരുമ്പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞു. യുവാവ് വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനാണ്.
അതേസമയം, വേനൽക്കാലത്തെന്ന പോലെ മഴക്കാലത്തും പാമ്പുകളുടെ ശല്യം താരതമ്യേന കൂടുതലാണ്. പാമ്പുകടിയേൽക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. പൊത്തുകൾ, മാളങ്ങൾ എന്നിവയുണ്ടെങ്കിൽ അവ എത്രയും വേഗം അടയ്ക്കണം. ഹെൽമറ്റ്, ഷൂ ഇവയൊക്കെ ധരിക്കുന്നതിന് മുമ്പ് ഉള്ളിൽ ഇഴജന്തുക്കൾ കയറിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
വീടും പരിസരവും എപ്പോഴും വ്യത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാട് പിടിച്ചുകിടക്കുന്ന പറമ്പുകൾ പുല്ലും മറ്റും വെട്ടി വൃത്തിയാക്കുന്നത് പാമ്പുശല്യം ഒഴിവാക്കാൻ സഹായിക്കും. കരിയില, തടികൾ, ഓല, കല്ലുംകട്ടയും, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയുടെ ഇടയിൽ പാമ്പുകൾ കയറികിടക്കുന്നത് പതിവാണ്. അതിനാൽ ഇവ വീടിന്റെ പരിസരത്തോ ജനലുകൾക്ക് അരികിലോ കൂട്ടി ഇടാതിരിക്കാൻ ശ്രദ്ധിക്കണം.
വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. വെള്ളത്തിന്റെ സാന്നിദ്ധ്യം പാമ്പുകളെ ആകർഷിക്കും, പ്രത്യേകിച്ച് വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകൾക്ക്. പൂന്തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വീടിന് പരിസരങ്ങളിൽ പട്ടിക്കൂട്, കോഴിക്കൂട് എന്നിവ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. കോഴിക്കൂട്ടിൽ പാമ്പുകളുടെ സാന്നിദ്ധ്യം സാധാരണമാണ്.
വെളുത്തുള്ളി ചതച്ചിടുന്നതും, കുന്തിരിക്കം പുകയ്ക്കുന്നത് വഴിയും പാമ്പുകളെ ഒരു പരിധിവരെ അകറ്റാമെന്നാണ് പറയപ്പെടുന്നത്. വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലക്കി, ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നു.